വീട്ടുമുറ്റത്തിരുന്ന രണ്ട് സ്കൂട്ടറുകൾ കത്തിനശിച്ചു

ഒല്ലൂർ : അഞ്ചേരിച്ചിറയിൽ വീട്ടുമുറ്റത്തിരുന്ന രണ്ട് സ്കൂട്ടറുകൾ കത്തിനശിച്ചു. മോസ്കോ നഗറിൽ ഗുരുദേവ ലെയിനിൽ വള്ളൂക്കാരൻ വീട്ടിൽ ജയാനന്ദന്റെ സ്കൂട്ടറുകളാണ് കത്തിനശിച്ചത്. ഞായറാഴ്ച വെളുപ്പിന് രണ്ടേകാലിനായിരുന്നു സംഭവം. ആളിപ്പടരുന്ന തീയുടെ വെളിച്ചവും റെക്സിനും മറ്റും ഉരുകിയ ഗന്ധവും അറിഞ്ഞാണ് വീട്ടുകാർ ഉണർന്നത്.

ഇവർ നിലവിളിക്കുന്നത് കേട്ട് അയൽവാസികളും ഓടിയെത്തി. എല്ലാവരും ചേർന്ന് വെള്ളമെത്തിച്ച് തീയണച്ചെങ്കിലും വാഹനങ്ങൾ പൂർണമായും കത്തിയമർന്നു. വീടിന്റെ മുൻഭാഗത്തെ വരാന്തയിലേക്ക് തീ പടർന്നെങ്കിലും കൂടുതൽ അപകടങ്ങളുണ്ടായില്ല. വിവരമറിഞ്ഞ് ഒല്ലൂർ പോലീസെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മറ്റൊന്നും കണ്ടെത്താനായില്ല. സംഭവത്തിൽ ദുരൂഹതയുള്ളതായും പോലീസ് സംശയിക്കുന്നു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

Leave A Reply