വാക്ക് തെറ്റിച്ച് അക്ഷയ് കുമാർ വീണ്ടും ‘വിമൽ പാൻമസാല’ പരസ്യത്തിൽ; കൂടെ ഷാരൂഖും അജയ് ദേവ്ഗണും

പുകയില ഉത്പന്ന ബ്രാൻഡായ വിമലിന്റെ പുതിയ പരസ്യത്തിനായി വീണ്ടും കൈകോർത്ത് ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും അജയ് ദേവ്ഗണും. നേരത്തെ മൂവരും ഒരുമിച്ചെത്തിയ വിമൽ പാൻ മസാല പരസ്യം വലിയ വിവാദമാവുകയും പിന്നാലെ, അക്ഷയ് കുമാർ പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന് ഫാൻസിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വാക്ക് തെറ്റിച്ച് അക്ഷയ് വീണ്ടുമെത്തിയതോടെ വലിയ ട്രോളുകളാണ് നടൻ ഏറ്റുവാങ്ങുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഷാരൂഖിന്റെ ഒരു ഫാൻ അക്കൗണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്ന് അഭിനേതാക്കളെ കൂടാതെ, നടിയും മോഡലുമായ സൗന്ദര്യ ശർമ്മയും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്.

അക്ഷയ് കുമാറിന്റെ വീടിന് സമീപത്തെ സ്ട്രീറ്റിൽ ഷാരൂഖും അജയും അക്ഷമരായി കാത്തുനിൽക്കുന്നിടത്താണ് പരസ്യം തുടങ്ങുന്നത്. എന്നാൽ, അക്ഷയ് തന്റെ ഹെഡ്‌ഫോണിൽ മ്യൂസിക് ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അജയ് ഹോൺ മുഴക്കിയതിന് പിന്നാലെ, ഷാരൂഖ് അക്ഷയ്യുടെ ഗ്ലാസ് വിൻഡോ ലക്ഷ്യമാക്കി ഒരു പന്ത് എറിഞ്ഞുകൊണ്ട് ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നു. പക്ഷെ പന്ത്, അയൽവാസിയായ സൗന്ദര്യയുടെ ജനലിലാണ് തട്ടുന്നത്. ദേഷ്യത്തോടെ അവർ പുറത്തേക്ക് വന്നതോടെ പന്തെറിഞ്ഞത് അജയ് ആണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഷാരൂഖ്, പിന്നാലെ വിമൽ എന്ന ഉൽപ്പന്നത്തിന്റെ ഒരു പാക്കറ്റ് തുറന്ന കഴിച്ച​ുകൊണ്ട് അജയ് അത് അക്ഷയ്‌യുടെ ജനലിലേക്ക് ചൂണ്ടുന്നു. അതോടെ മണംപിടിച്ച് അക്ഷയ് കുമാർ വരുന്നതാണ് പരസ്യം.

Leave A Reply