ഉദ്ഘാടനംകഴിഞ്ഞ് ഒന്നരവർഷമായിട്ടും നോക്കുകുത്തിയായി ഓക്സിജൻ പ്ലാന്റ്

പൊയിനാച്ചി: നീരാവിയിൽനിന്ന് പ്രാണവായു ഉത്പാദിപ്പിക്കാൻ അത്യാധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിൽ ഒന്നരവർഷം പിന്നിട്ടിട്ടും ഉത്പാദനം തുടങ്ങിയില്ല. പദ്ധതിക്കായി ചെലവിട്ട കോടികൾ ഒടുവിൽ നീരാവിയാകുമോ എന്ന ആശങ്കയിലാണ് ജനം. ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുട സഹകരണത്തോടെ ചട്ടഞ്ചാൽ കുന്നാറയിലെ വ്യവസായ പാർക്കിൽ ഒരുക്കിയ ഓക്സിജൻ പ്ലാന്റാണ് പൂട്ടിക്കിടക്കുന്നത്. ദിവസവും 200 സിലിൻഡർ നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റ് പൂർണമായി പ്രവർത്തനസജ്ജമാണെങ്കിലും നടത്തിപ്പുചുമതല ഏറ്റെടുക്കാൻ ആളില്ലാത്തതാണ് കാരണം.

2022 ഏപ്രിൽ ഒന്നിന് വ്യവസായമന്ത്രി പി.രാജീവാണ് സംരഭം നാടിന്‌ സമർപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഒൻപതുമാസം പ്ലാന്റ് അനക്കമില്ലാതെ കിടന്നപ്പോൾ ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഭാഗികമായി പ്രവർത്തിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ജില്ലയിലെ വ്യവസായസ്ഥാപനങ്ങളുമായും സ്വകാര്യ ആസ്പത്രികളുമായും ജില്ലാ പഞ്ചായത്ത് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരെ ചുമതലപ്പെടുത്തിയായിരുന്നു അത്. ആവശ്യക്കാർ സ്വന്തം സിലിൻഡറുമായി പ്ലാന്റിൽ എത്തിയാൽ നിറച്ചുനൽകുക മാത്രമായിരുന്നു ചെയ്തിരുന്നത്.

Leave A Reply