യു.എ.ഇ.യിലെ ഹോട്ടലുകളുടെ വരുമാനം 2600 കോടി ദിർഹമായതായി അധികൃതർ

യു.എ.ഇ.യിലെ ഹോട്ടലുകളുടെ വരുമാനം 2600 കോടി ദിർഹമായതായി വെളിപ്പെടുത്തൽ. യു.എ.ഇ. സാമ്പത്തികമന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ തലവനുമായ അബ്ദുള്ള ബിൻ തൗഖ് അൽ മർറിയാണ് വരുമാനം സംബന്ധിച്ച വിവരം കൗൺസിൽ യോഗത്തിലൂടെ അറിയിച്ചത്. കഴിഞ്ഞവർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ജനുവരിമുതൽ ജൂലായ് വരെ 1.6 കോടി അതിഥികളുമായി വിവിധ ഹോട്ടലുകളിലെ താമസനിരക്ക് 75 ശതമാനമായി ഉയർന്നു.

2022-മായി താരതമ്യപ്പെടുത്തുമ്പോൾ അതിഥികളുടെ എണ്ണത്തിൽ 15 ശതമാനത്തിലേറെ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ യു.എ.ഇ.യിൽ 1224 ഹോട്ടൽസൗകര്യങ്ങളുണ്ട്. വിനോദസഞ്ചാരമേഖലയിൽ യു.എ.ഇ.യുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും അടുത്ത പത്തുവർഷത്തിനകം മേഖലയുടെ സംഭാവന 45,000 കോടി ദിർഹമാക്കി ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഇപ്പോഴത്തെ നേട്ടം മുതൽക്കൂട്ടാകുമെന്ന് അബ്ദുള്ള ബിൻ തൗഖ് അൽ മർറി പറഞ്ഞു.

Leave A Reply