മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞു. സ്‌കൂളിലെ മരച്ചില്ലകള്‍ മുറിച്ചുമാറ്റിയെന്ന് പരാതി

ഇത് ഇപ്പോ വന്ന് വന്ന് മുഖ്യനെ പേടിച്ച് ഒന്നും മേലാത്ത അവസ്ഥയായി….മൈക്കിന് മാത്രവേ പ്രശ്‌നം ഉള്ളു എന്നാ കരുതിയെ, പക്ഷേ ഇപ്പോ മരങ്ങള്‍ക്കു പോലും നിലനില്‍പ്പ് ഇല്ലാതെയായി, വേറൊന്നുമല്ല, കഴിഞ്ഞ ദിവസം
മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് സ്‌കൂള്‍ അങ്കണത്തിലെ മരക്കൊമ്പുകള്‍ അനുവാദമില്ലാതെ മുറിച്ചതായി പരാതി.

മൂന്നുപേരടങ്ങുന്ന സംഘമാണ് കണ്ണൂര്‍ താവക്കര സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ അങ്കണത്തിലെ മരം മുറിച്ചുമാറ്റിയത്. അവധിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഇല്ലാതിരുന്ന ശനിയാഴ്ചയാണ് മരച്ചില്ലകള്‍ മുറിച്ചത്. പ്രധാനധ്യാപകന്‍ പോലീസിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ റോഡരികിലെ കെട്ടിടത്തിനുമുകളിലാണ് ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചത്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതാണ് ചിത്രം. ഫ്ളെക്സ് ബോര്‍ഡിന്റെ കാഴ്ച മറയ്ക്കുന്നതിനാല്‍ സ്‌കൂളിലെ മരം മുറിച്ചുമാറ്റണമെന്ന് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റിനോട് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ശനിയാഴ്ച രാവിലെ മൂന്നുപേരെത്തി സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ മരച്ചില്ലകള്‍ മുറിച്ചുമാറ്റിയെന്നാണ് പരാതി.

അവധിദിനമായതിനാല്‍ സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉണ്ടായിരുന്നില്ല. ഫ്ളെക്സ് ബോര്‍ഡ് കാണാന്‍ വേണ്ടിയാണ് മരം മുറിക്കുന്നതെന്ന് വന്നവരും പറഞ്ഞു. സംഭവം കോര്‍പ്പറേഷനില്‍ അറിയിക്കുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടു മരങ്ങളുടെ ചില്ലകളാണ് മുറിച്ചുമാറ്റിയത്. ഫ്ളെക്സ് ബോര്‍ഡിലെ ചിത്രം കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി, മുറിച്ചശേഷം ഫോണില്‍ ചിത്രമെടുത്തശേഷമാണ് മൂന്നംഗം സംഘം മടങ്ങിയത്. ആളുകള്‍ തണല്‍ തേടി എത്തുന്ന സ്ഥലം കൂടിയാണിതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Leave A Reply