ദുബായിൽ ഉപഭോഗ വസ്തുക്കൾ ഇനി ഡ്രോണുകൾ വീട്ടുമുറ്റത്ത് ഡെലിവറി ചെയ്യും
ദുബായിൽ ഉപഭോഗ വസ്തുക്കൾ ഇനി ഡ്രോണുകൾ വീട്ടുമുറ്റത്ത് ഡെലിവറി ചെയ്യും.യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക് സേവന ദാതാക്കളായ ജീബ്ലി എൽ.എൽ.സിയും ഇന്ത്യയിലെ ഹരിയാനയിൽ നിന്നുള്ള ഡ്രോൺ നിർമാതാക്കളായ സ്കൈ എയർ മൊബിലിറ്റി ലിമിറ്റഡും ചേർന്നാണ് മൂന്നാഴ്ച നീളുന്ന പരീക്ഷണത്തിന് ദുബൈ സിലിക്കൺ ഒയാസിസിൽ തുടക്കമിട്ടത്. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ സിലിക്കൺ ഒയാസിസ് അധികൃതർ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു.
സ്കൈ എയറിന്റെ സ്കൈഷിപ് എന്ന ഡ്രോൺ ആണ് പരീക്ഷണ പറക്കലിനായി ഉപയോഗിച്ചത്. സ്കൈ കണക്ട്, സ്കൈ ടണൽ, പാരച്യൂട്ട് എന്നിവ ഉൾപ്പെടെ ഒന്നിലധികം സുരക്ഷ സംവിധാനങ്ങൾ അടങ്ങിയതാണ് സ്കെഷിപ്. വിവിധ തരത്തിലുള്ള ഉൽപന്നങ്ങളുടെ സുരക്ഷിതമായ വിതരണമാണ് പരീക്ഷണത്തിലൂടെ കമ്പനി കാണിച്ചുതന്നത്. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡ്രോൺ ആണ് സ്കൈഷിപ് എന്നും 17,00 ലധികം പറക്കലുകളിലൂടെ ചരക്കുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിലേക്ക് അത് നയിക്കുമെന്നും സ്കൈ എയർ സ്ഥാപകനും സി.ഇ.ഒയുമായ അങ്കിത് കുമാർ പറഞ്ഞു.