യു.എ.ഇയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വളർച്ച നേടുമെന്ന് ലോക ബാങ്ക്
യു.എ.ഇയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച പ്രവചനം പരിഷ്കരിച്ച് ലോക ബാങ്ക്. എണ്ണയുൽപാദന മേഖലയുടെയും എണ്ണയിതര മേഖലയുടെയും ശക്തമായ പിൻബലത്തിൽ നടപ്പുവർഷം യു.എ.ഇ 3.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പുതിയ പ്രവചനം. 2.8 ശതമാനം വളർച്ച നേടുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2024ൽ രാജ്യത്തിന്റെ സാമ്പത്തികവളർച്ച നിരക്ക് 3.7 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു. നേരത്തേ 3.4 ശതമാനം വളർച്ചയായിരുന്നു ലോകബാങ്ക് പ്രവചിച്ചിരുന്നത്.
കോവിഡിനുശേഷം ട്രാവൽ ആൻഡ് ടൂറിസം, വ്യോമഗതാഗതം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, വാണിജ്യ-ചരക്കുഗതാഗതം എന്നീ പ്രധാന മേഖലകളാണ് സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്താൻ സഹായിച്ചതെന്നും ലോക ബാങ്ക് പറയുന്നു. യു.എ.ഇ സമ്പദ്വ്യവസ്ഥ കോവിഡിന്റെ സാമ്പത്തിക ആഘാതത്തെ അതിവേഗം അതിജീവിച്ചെന്ന് അന്താരാഷ്ട്ര നാണയനിധി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സമീപകാല സാമ്പത്തിക വളർച്ച ശക്തമാണ്. ആഗോള വിപണിയിലെ ഉയർന്ന ഇന്ധനവില സാമ്പത്തികമിച്ചം ഉയരാൻ സഹായിച്ചു.