നിരവധി ഓഡിയോ ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാകും. എന്നാൽ എയർ പ്യൂരിഫിക്കേഷൻ പ്രവർത്തനക്ഷമതയുള്ള ഹെഡ്‌ഫോണുകളെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ. ഇത്തരമൊരു ആശയവുമായി ഒരു ഹെഡ്ഫോൺ വിപണിയിലെത്തിയിട്ടുണ്ട്. ഡൈസൺ എന്ന കമ്പനിയാണ് ഇതിന് പിന്നിൽ. 59,900 രൂപ ചെലവഴിക്കേണ്ടിവരും ഈ ഹെഡ്ഫോൺ സ്വന്തമാക്കാൻ.
കമ്പനി വായു മലിനീകരണവും ശബ്ദ മലിനീകരണവും പരിഹരിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് അധിക എയർ പ്യൂരിഫിക്കേഷൻ ടെക്‌നോടുകൂടിയ സോൺ ഹെഡ്‌ഫോണുകൾ കമ്പനി പുറത്തിറക്കിയത്. ഈ ഉൽപ്പന്നം വികസിപ്പിക്കാൻ ഡൈസണിന് ആറ് വർഷം വേണ്ടിവന്നു.
നഗര പരിതസ്ഥിതികളിലെ ശബ്ദ മലിനീകരണത്തിന്റെയും വായു മലിനീകരണത്തിന്റെയും പ്രധാന ആശങ്കകൾ ഡൈസൺ ടീം തിരിച്ചറിഞ്ഞുവെന്നും ഒറ്റ ഉപകരണം ഉപയോഗിച്ച് രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള വഴി കണ്ടെത്താൻ തുടങ്ങിയതായും ഡൈസണിന്റെ വെയറബിൾ കാറ്റഗറി ഹെഡ് ജോ സ്റ്റാനിഫോർത്ത് മാധ്യമങ്ങളോട് പറഞ്ഞു.
“ശുദ്ധീകരണവും ഓഡിയോയും സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും തങ്ങൾ തിരിച്ചറിയുകയും വിശകലനം, ഡിസൈൻ, പ്രോട്ടോടൈപ്പ്, ടെസ്റ്റിംഗ് എന്നിവയിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നു. തിരികെ പോയി ഒരു ക്ലാസ്-ലീഡിംഗ് ഓഡിയോ ഉൽപ്പന്നം നിർമ്മിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും” അദ്ദേഹം പറഞ്ഞു.