ചെങ്ങന്നൂർ: ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ലീറ്റർ കണക്കിനു വെള്ളമാണ് അധികൃതരുടെ അനാസ്ഥയെ തുടർന്നു ദിവസവും പാഴാകുന്നത്. അരമന റോഡിൽ പുളിമൂട് ജംഗ്ഷനിലും നൂറ്റവൻപാറയ്ക്ക് പോകുന്ന റോഡിലുമാണ് പൈപ്പ് പൊട്ടി വെള്ളം പോകുന്നത്. പുളിമൂട് ജംഗ്ഷനിലെ പൊതു ടാപ്പിൽ നിന്നുമാണ് വെള്ളം പാഴാകുന്നത്. കുത്തനെ ഇറക്കമുള്ള റോഡിൽ ഈ വെള്ളം ഒലിച്ചിറങ്ങി കുഴികളിൽ നിറഞ്ഞു കിടക്കുകയാണ്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കുഴികളിൽ നിന്ന് വെള്ളം തെറിച്ച് കാൽനട യാത്രക്കാരുടെ വസ്ത്രങ്ങളിൽ വീഴുന്നത് പതിവാണ്. നൂറ്റവൻപാറയ്ക്ക് പോകുന്ന റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. നൂറ്റവൻപാറ വരെയുള്ള ഈ റോഡ് പൊട്ടിപ്പൊളിഞ്ഞതാണ്. വെള്ളം കുത്തിയൊഴുകി ദിവസം ചെല്ലുംതോറും കുഴിയുടെ വ്യാപ്തി കൂടി വരികയാണ്. ഇവിടെ പൈപ്പ് പൊട്ടൽ നിത്യസംഭവമാണെന്നും പല തവണ ജല അതോറിറ്റി അധികൃതരോടു പരാതി പറഞ്ഞിട്ടു നടപടിയില്ലെന്നും സമീപവാസികൾ പറഞ്ഞു.