ഗവർണർ ഒപ്പിടാത്ത ബില്ലുകൾ അങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടിക്കളിച്ചു ഡൽഹിയിൽ കുടുക്കിയിടും

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒടുവിൽ പൂഴിക്കടകനടവ് പുറത്തെടുക്കുന്നു . നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട് തിരിച്ചടിക്കാൻ ശ്രമിക്കുന്നു . നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് സർക്കാർ സുപ്രീംകോടതിയിൽ പോകാനിരിക്കെയാണ് ഗവർണർ പതിനെട്ടടവും പയറ്റിയിട്ട് പത്തൊമ്പതാമത്തെ അടവ് പുറത്തെടുക്കുന്നത് ,

ലോകായുക്ത നിയമഭേദഗതിയടക്കം പത്ത് ബില്ലുകളിലാണ് ഗവർണർ ഒപ്പിടാനുള്ളത്. ഇവയിൽ ഭരണഘടനാവിരുദ്ധമായ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ തീരുമാനമുണ്ടാകും വരെ തുടർനടപടി അസാദ്ധ്യമാണ്.

സുപ്രീംകോടതി ഉത്തരവുകൾ മറികടക്കാൻ ഉദ്ദേശിച്ചുള്ളതാണ് ചില ബില്ലുകളെന്നും ഗവർണർ വിലയിരുത്തുന്നു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ, ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ, വിരമിച്ച ജില്ലാ ജഡ്ജിയെ സർക്കാരിന് നിയമിക്കാനാവുന്ന വാഴ്സിറ്റി ട്രൈബ്യൂണൽ ബിൽ, വി.സിയാക്കാനുള്ള സെർച്ച്കമ്മിറ്റി അഞ്ചംഗങ്ങളുടേതാക്കുന്ന ബിൽ തുടങ്ങിയവയാണ് രാഷ്ട്രപതിക്ക് അയയ്ക്കുന്നത് .

ഗവർണർ ബില്ലുകളിലൊപ്പിടാത്തത് ഭരണസ്തംഭനമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി അനുച്ഛേദം-32പ്രകാരം സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. എന്നാൽ ബില്ലുകളിലൊപ്പിടാൻ ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല.

പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ബിൽ നിയമമായാൽ ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നാണ് ഗവർണറുടെ വിലയിരുത്തൽ.

നിയമസഭയിലെ ഭൂരിപക്ഷം വച്ച് ലോകായുക്തയുടെ ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കാം. 1999 ൽ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചത്.

ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി ആവശ്യമെന്നാണ് ഗവർണറുടെ നിലപാട്. ചാൻസലേഴ്സ് ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കുമെന്ന് ഗവർണർ നേരത്തേ പറഞ്ഞിരുന്നു. ഗവർണർ ഒപ്പിടാത്തതിൽ 22 മാസമായ മൂന്ന് ബില്ലുകളുമുണ്ട്. ഇക്കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ 13ബില്ലുകൾ രാജ്ഭവനിൽ എത്തിച്ചിട്ടില്ല.

ഗവർണർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടും. ഗവർണർക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ നിലപാടെടുക്കില്ല. കേന്ദ്രം അഭിപ്രായം അറിയിക്കാതിരുന്നാലും തുടർ നടപടിയുണ്ടാവില്ല. അങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടിക്കളിച്ചു ബിൽ ഡൽഹിയിൽ കുടുങ്ങികിടക്കും, അതാണ് സംഭവിക്കാൻ പോകുന്നത് .

ഗവർണർക്ക് ചെയ്യാൻ പറ്റുന്നത് ഒന്നുകിൽ വിവാദമില്ലാത്ത ബില്ലുകളിൽ ഒപ്പുവയ്ക്കാം, അനുമതി നൽകാതെ തടഞ്ഞുവയ്ക്കാം, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാം, പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കാം.

പുന:പരിശോധനയ്ക്ക് തിരിച്ചയയച്ചാൽ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവർണർക്കയച്ചാൽ അതിൽ ഒപ്പിട്ടേ പറ്റൂ. അതിനാൽ തിരിച്ചയയ്ക്കാൻ സാദ്ധ്യത കുറവാണ് . ഏതായാലും സർക്കാരിനെ മുൾമുനയിൽ നിര്ത്തുമെന്നുള്ളതിന് സംശയമില്ല .

Leave A Reply