‘വന്ദേഭാരത് മറ്റ് ട്രെയിനുകൾക്ക് ബുദ്ധിമുട്ട്, 40 മിനിറ്റ് വരെ പിടിച്ചിടുന്നു’; റെയില്‍വെ മന്ത്രിക്ക് കെ.സി.വേണുഗോപാലിന്റെ കത്ത്

ആലപ്പുഴ: വന്ദേഭാരത് ട്രെയിൻ കടന്ന് പോകുമ്പോള്‍ മറ്റു എക്‌സ്പ്രസ്സ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ റെയില്‍വെ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണെന്ന് കെസി വേണുഗോപാൽ കത്തിൽ വ്യക്തമാക്കി.

പിടിച്ചിടുന്നത് കാരണം എക്സ്സ്പ്രസ്സ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്ന് മണിക്കൂറുകള്‍ വൈകിയാണ് എത്തുന്നത്. ഇത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്ക് പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും നിലവില്‍ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

എറണാകുളം കായംകുളം എക്സ്സ്പ്രസ്സ്,ജനശതാബ്ദി,വേണാട്, ഏറനാട്,പാലരുവി, നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ്സ് അടക്കമുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാൻ കേന്ദ്ര റെയില്‍വെ മന്ത്രാലായം തയ്യാറകണമെന്ന് റെയില്‍വെ മന്ത്രിക്ക് അയച്ച കത്തിൽ കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Leave A Reply