മ്യൂസിയങ്ങൾ നാടിൻ്റെ പൈതൃക സാംസ്കാരിക നിലയങ്ങൾ; മന്ത്രി അഹമ്മദ് ദേവർ കോവിൽ

വയനാട്: മ്യൂസിയങ്ങൾ നാടിൻ്റെ സാംസ്കാരിക നിലയങ്ങളാണെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കുഞ്ഞോം കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സാഹചര്യങ്ങളിൽ കാലത്തോട് കഥ പറയുന്ന മ്യൂസിയങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ കേരളത്തെ മ്യൂസിയം ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കേരള ചരിത്ര മ്യൂസിയം വൈവിധ്യമാർന്ന കാഴ്ചപ്പാടുകളോടെയാണ് ഇവ നിറവേറ്റുന്നത്. ചരിത്രപരവും ജൈവ കാർഷിക സംസ്കൃതിയുടെയും വേരുകളാഴ്ത്തിയ വയനാടിന് കുങ്കിച്ചിറ മ്യൂസിയം വഴികാട്ടിയാകും.

വയനാടിൻ്റെ അനന്യമായ പൈതൃകം വരും തലമുറയ്ക്ക് തൊട്ടറിയാനും ഇവിടെ സൗകര്യമൊരുക്കുന്നു. അനന്തമായ കഥപറയുന്ന നാഗരികതകൾക്കൊപ്പം ഗോത്ര ജീവിത ചാരുതകൾ പോരാട്ടങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ഇവിടെ സന്നിവേശിപ്പിച്ചിട്ടുണ്ട്. കേരളത്തിൻ്റെ ഒമ്പതാമത് മ്യൂസിയമാണിത്.അടുത്ത മ്യൂസിയം മലപ്പുറത്ത് ഉടൻ തുറക്കും. കേവലമായ കാഴ്ച അനുഭവങ്ങൾക്കൊപ്പം അമൂല്യമായ പൈതൃകങ്ങളെ വരും കാലത്തിന് പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം കൂടിയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം മ്യൂസിയം ദിശാബോധം നൽകും. തനത് മ്യൂസിയം സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട് വയനാടിൻ്റെ ജൈവ സാംസ്കാരിക പെരുമയ്ക്ക് പ്രധാന്യം നൽകുന്ന കുങ്കിച്ചിറ മ്യൂസിയം വയനാടിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിലും ഇടതേടുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മ്യൂസിയത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്ക് മന്ത്രി ഉപഹാരം നൽകി.

Leave A Reply