കള്ളുഷാപ്പിലെ അടിയെത്തുടർന്നുണ്ടായ സംഘർഷം; സി.പി.എം. ലോക്കൽ സെക്രട്ടറിയെ മർദിച്ചെന്ന പരാതിയിൽ പതിനഞ്ചാളുടെ പേരിൽ കേസ്

താമരശ്ശേരി: കള്ളുഷാപ്പിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പുതുപ്പാടി അടിവാരത്ത് ചേരിതിരിഞ്ഞുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം. ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പതിനഞ്ചാളുടെ പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു. സി.പി.എം. പുതുപ്പാടി ലോക്കൽ സെക്രട്ടറി കൈതപ്പൊയിൽ പുഴങ്കുന്നുമ്മൽ പി.കെ. ഷൈജലിനെ മർദിച്ചെന്ന പരാതിയിലാണ് ബി.ജെ.പി. പ്രാദേശികനേതാവും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസ് രജിസ്റ്റർചെയ്തത്. ബി.ജെ.പി. തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. ശശി, ഷിബു മാളികവീട്, സരൂപ്, സനൂപ്, ജിജീഷ് ചന്ദ്രൻ, കണ്ടാലറിയാവുന്ന മറ്റു പത്തുപേർ എന്നിവരുടെ പേരിലാണ് കഴിഞ്ഞദിവസം കേസെടുത്തത്. സെപ്റ്റംബർ 25-ന് രാത്രി അടിവാരം അങ്ങാടിയിൽ പ്രതികൾ മാരകായുധങ്ങളുമായെത്തി ആക്രമിച്ചെന്നും വലതു കാൽമുട്ടിന്റെ എല്ലുപൊട്ടിയെന്നും ഷൈജലിന്റെ പരാതിയിൽ പറയുന്നു.

പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ ഷാപ്പിൽ സെപ്റ്റംബർ 25-ന് രാത്രി ഒരുസംഘം യുവാക്കൾ ലഹരിയിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലായിരുന്നു അടിവാരത്ത് രാത്രി പതിനൊന്നുമണിയോടെ ചേരിതിരിഞ്ഞ് കൈയാങ്കളിയുണ്ടായത്. മധ്യസ്ഥചർച്ചയ്ക്ക് ബി.ജെ.പി. പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലെത്തിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സി.പി.എം. പ്രവർത്തകർ ഉൾപ്പെടുന്ന സംഘവും തമ്മിലായിരുന്നു സംഘർഷം. ഷൈജലിനും സി.പി.എം. ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ഷാമിലിനും പരിക്കേറ്റിരുന്നു. അന്ന് രാത്രി കള്ളുഷാപ്പ് ജീവനക്കാരനും സി.പി.എം. പ്രവർത്തകനുമായ ബിജുവിന്റെ വീടിനുനേരെയും പിറ്റേന്ന് പുലർച്ചെ ഒരുമണിയോടെ ബി.ജെ.പി. തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. ശശിയുടെ വീടിനുനേരെയും ആക്രമണമുണ്ടായി.

Leave A Reply