പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസംസെൽ തുടങ്ങിയ പഞ്ചപാണ്ഡവ ദർശനയാത്ര തുടർച്ചയായ രണ്ടാംവർഷവും വൻ ഹിറ്റ്. വിവിധ യൂണിറ്റുകളിൽനിന്നായി 93 ട്രിപ്പുകൾ നടത്തിയതിൽ ഇക്കുറി 35 ലക്ഷം രൂപയാണ് ലഭിച്ചത്. 4300ലധികം യാത്രക്കാരാണ് പങ്കെടുത്തത്. ആറന്മുള വള്ളസദ്യയുണ്ട് പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന തീർത്ഥാടനയാത്രയാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽവരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര’ എന്ന ടാഗ് ലൈനിൽ യാത്ര നടത്തിയത്. ആറന്മുളയിലെ വള്ളസദ്യയിൽ പങ്കെടുക്കാനും ചടങ്ങുകൾ കാണാനുമായി കണ്ണൂർ മുതൽ പാറശാലവരെയുള്ള വിവിധ യൂണിറ്റുകളിൽനിന്നും ബസുകളിൽ നിരവധിയാളുകൾ പങ്കെടുത്തു.