വളാഞ്ചേരി: വട്ടപ്പറ വളവിൽ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവാ(45)ണ് മരിച്ചത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ജാദവിനെ തിരൂരിൽനിന്നെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ട് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലോറി താഴേക്ക് വീഴുന്നതിനിടെ തെറിച്ചുവീണ ക്ലീനർ കർണാടകക്കാരനായ പ്രകാശൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാൾ നടക്കാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെ അഞ്ചിനാണ് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങിവരുന്നതിനിടെ അപകടമേഖലയായ മുടിപ്പിൻവളവിൽനിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.