ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ ദേശീയ നിലവാരത്തിലേയ്ക്ക്

തൃശൂർ: ആയുഷ് മേഖലയിൽ നടപ്പിലാക്കി വരുന്ന ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വഴി ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ ദേശീയ നിലവാരത്തിലേയ്ക്ക്.

ജില്ലയിലെ എല്ലാ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളും ഗുണനിലവാരം ഉറപ്പാക്കി ദേശീയ നിലവാരമായ എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ നേടാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യപടിയായി ആറ് ഗവ. ആയുർവേദ ഡിസ്പെൻസറികളും നാല് ഗവ. ഹോമിയോ ഡിസ്പെൻസറികളും ഉൾപ്പടെ പത്ത് ആയുഷ്

ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ എൻ.എ.ബി.എച്ചിന്റെ അന്തിമ പരിശോധനയ്ക്ക് സജ്ജമായി. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ 150 എണ്ണമാണ് ഇപ്പോൾ സജ്ജമായിട്ടുള്ളത്. ജില്ലയിൽ എൻ.എ.ബി.എച്ച് ടീമിന്റെ പരിശോധന ഒക്ടോബർ 10 ന് രാവിലെ 9 ന് അയ്യന്തോൾ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആരംഭിക്കും.
ആയുർവേദ ഡിസ്പെൻസറികളായ ചെങ്ങാലൂർ, ചൊവ്വന്നൂർ, അയ്യന്തോൾ, മുണ്ടത്തിക്കോട്, കോടന്നൂർ, അവിട്ടത്തൂർ എന്നിവയും ഹോമിയോ ഡിസ്പെൻസറികളായ, കൊണ്ടാഴി, കൈപറമ്പ്, പഴയന്നൂർ, അയ്യന്തോൾ എന്നിവയുമാണ് ഇപ്പോൾ തയ്യാറായത്.
സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും പരിചരണം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലീ രോഗ നിയന്ത്രണം, ഓറൽ ഹെൽത്ത് കെയർ, പാലിയേറ്റീവ് കെയർ, മാനസിക ആരോഗ്യ സംരക്ഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി പ്രത്യേക പ്രവർത്തനരീതികളിലൂടെ പൊതുജനോപകാരപ്രദമാക്കുന്നു.
നാഷണൽ ആയുഷ് മിഷൻ വഴി ഈ ഡിസ്പെൻസറികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഓരോ ഡിസ്പെൻസറികൾക്കും 5 ലക്ഷം രൂപ വീതം നൽകി നടത്തുന്ന പ്രവർത്തനങ്ങളും പൂർത്തിയായിവരുന്നു. കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതുമായി സഹകരിച്ചുകൊണ്ടും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
എല്ലായിടത്തും യോഗാ പരിശീലകരുടെ സേവനവും നാഷണൽ ആയുഷ് മിഷൻ ഉറപ്പാക്കിയിട്ടുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ആരോഗ്യ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനും ശരിയായ രീതിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്നതിനായി എല്ലാ ഡിസ്പെൻസറികൾക്കും ലാപ്ടോപ്പും നൽകി. എല്ലായിടത്തും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ഔഷധ സസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. ആശാ പ്രവർത്തകരുടെ സേവനവും ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.
Leave A Reply