അപകട ഭീഷണിയുമായി തണൽ മരങ്ങൾ

ചെന്നിത്തല: വഴിയരികിൽ തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ വിവിധയിടങ്ങളിലായി നാല് മരങ്ങളാണ് കേടുപാടുകൾ സംഭവിച്ച് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. ചെന്നിത്തല പുത്തുവിളപ്പടി ജംഗ്ഷന് സമീപത്തായി ഓട്ടോസ്റ്റാന്റിനോട് ചേർന്ന് നിൽക്കുന്ന രണ്ട് മരങ്ങളും നവോദയ സ്‌കൂളിന് തെക്കുവശത്തായുള്ള മരവും ഏറെ അപകടാവസ്ഥയിലാണ്.

മരങ്ങളുടെ പലഭാഗങ്ങളും കേടുവന്ന് ജീർണിച്ചു. അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റുന്നതിനു നടപടിയെടുക്കണമെന്നവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും ഗ്രാമപഞ്ചായത്തിന് പരാതി നൽകി കാത്തിരിക്കുകയാണ്. തട്ടാരമ്പലം-മാന്നാർ സംസ്ഥാനപാതയിൽ ചെന്നിത്തല രണ്ടാം വാർഡ് ഇരമത്തൂർ റീത്ത് പള്ളിക്ക് സമീപം സുധിക്കോട്ടു ജംഗ്ഷനിലെ വാകമരവും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്നതിനാൽ ചരക്കു ലോറികളും ബസുകളുമൊക്കെ ഉരസി മരത്തിന്റെ ഒരു ഭാഗം മുറിഞ്ഞു കേടായി. ജലജീവൻ പദ്ധതിയിൽ കുടിവെള്ളപൈപ്പിനായി റോഡിന്റെ വശങ്ങൾ കുഴിച്ചപ്പോൾ മരത്തിന്റെ ചുവട് ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ പറയുന്നു. ശക്തമായ കാറ്റും മഴയും വരുമ്പോൾ സമീപവാസികൾ ഏറെ ഭീതിയിലാണ് ഇവിടെക്കഴിയുന്നത്.

Leave A Reply