‘ബിജെപി രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല, വീണ്ടും അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്ത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ എത്തിയാൽ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് പിണറായി പറഞ്ഞു. കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു മുന്നണിയുടെ കുടുംബസംഗമത്തില് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. വംശ്യഹത്യ അടക്കം ഇനിയും നടക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവർക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇത് കൂടുതൽ ആപൽക്കരമായ നിലപാടിലേക്ക് അവരെ നയിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡി പരിശോധന നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാൻ ആകില്ല. ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചിലവഴിച്ചാലും കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply