ആരോഗ്യ മന്ത്രിക്കെതിരെ പ്രക്ഷോഭം; സ്വന്തം നേതാവ് പ്രതിയായതോടെ വെട്ടിലായി ബിജെപി – യുവമോർച്ച നേതൃത്വം

പത്തനംതിട്ട: അഖിൽ സജീവ് അടക്കം സ്പൈസസ് ബോർഡ് നിയമന തട്ടിപ്പിൽ സ്വന്തം നേതാവ് പ്രതിയായതോടെ ബിജെപി – യുവമോർച്ച നേതൃത്വം വെട്ടിലായി. നിയമന കോഴ വിവാദത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ‍ർജ്ജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് പാർട്ടി പ്രാദേശിക നേതാവും യുവമോർച്ചാ റാന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമായ രാജേഷ് പ്രതിയായത്. അതേസമയം, അഖിൽ സജീവ് നടത്തിയ മറ്റ് ചില തട്ടിപ്പുകളിൽ പത്തനംതിട്ടയിലെ സിപിഐ – എഐവൈഎഫ് നേതാക്കളുടെ പങ്കും ഉടൻ പുറത്തുവരുമെന്നാണ് സൂചന.

നിയമന കോഴ വിവാദത്തിൽ മന്ത്രി രാജിവെച്ചേ തീരൂവെന്നാണ് യുവമോർച്ചയുടെ മുദ്രാവാക്യം. ഇതിനിടെയാണ്, ഇടിത്തീ പോലെ സ്വന്തം നേതാവും തട്ടിപ്പ് കേസിൽ പ്രതിയായത്. സ്പൈസസ് ബോ‍ർഡിൽ ജോലി വാഗ്ദാനം ചെയ്താണ് വിവാദ നായകൻ അഖിൽ സജീവിനൊപ്പം യുവമോർച്ച നേതാവ് രാജേഷ് സിആർ പണം തട്ടിയത്. ഓമല്ലൂർ സ്വദേശിയിൽ നിന്നും ഇരുവരും ചേർന്ന് 4,39,340 രൂപ തട്ടിയെടുത്തു.

അഖിൽ സജീവ് സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന കാലയളവിലാണ് യുവമോർച്ച നേതാവ് രാജേഷിനെ പരിചയപ്പെടുന്നത്. ബിജെപി ബന്ധമുള്ള ആളെ ഒപ്പം കൂട്ടിയാൽ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പേരിലും പണം തട്ടാമെന്ന് കണ്ടാണ് ഒന്നിച്ച് നീങ്ങിയത്. ഇരുവരും ബിസിനസ് പങ്കാളികളും ആയിരുന്നു. സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ പ്രതിയായ രാജേഷിനെ ഇക്കഴിഞ്ഞ പുനസംഘടനയിലാണ് യുവമോർച്ച നേതൃത്വം റാന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റാക്കിയത്.

ആരോപണവിധേയനെ തള്ളിപ്പറയാനും ബിജെപി – യുവമോർച്ചാ നേതൃത്വം ഇതുവരെ കൂട്ടാക്കിയിട്ടില്ല. നിയമന കോഴ വിവാദത്തിന് പുറമെ, സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളുടെ ചുരുളഴിക്കാൻ എന്ന പേരിലാണ് അഖിൽ സജീവിനെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ അഖിൽ സജീവ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പേരുകൾ പോലീസിനോട് പറ‍ഞ്ഞതായാണ് സൂചന.

Leave A Reply