കൊച്ചി: കോളജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം സ്വദേശി വിഷ്ണു പ്രസാദ് (29), ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ്(35) തുടങ്ങിയവരാണ് പിടിയിലായത്. നൈട്രാസെപാം എന്ന അതിമാരക മയക്കു മരുന്നുമായിട്ടാണ് ഇവരെ എക്‌സൈസ് പിടികൂടിയത്.
എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെയും, എക്‌സൈസ് ഇന്റലിജൻസിന്റെയും, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും നീക്കത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഇവരുടെ രണ്ട് സ്മാർട്ട് ഫോണുകളും ടോമിയുടെ ഇരുചക്ര വാഹനവും എക്‌സൈസ് പിടിച്ചെടുത്തു. ഏറെ നാളുകളായി മയക്കു മരുന്ന് ഗുളികകൾ വിൽപ്പന നടത്തി വന്നിരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. ‘പടയപ്പ ബ്രദേഴ്‌സ്’ എന്ന പ്രത്യേക തരം കോഡിൽ ആണ് ഇവർ വൻതോതിൽ മയക്കു മരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്.