മന്ത്രിയുടെ ഓഫീസിലെ കൈക്കൂലി കേസില്‍ സ്വന്തക്കാര്‍ …സര്‍ക്കാര്‍ ഊരാക്കുടുക്കിലേക്ക്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ കൈക്കൂലിയുടെ പേരില്‍ സംശയത്തിന്റെ നിഴലിലാക്കിയ കേസില്‍ ഇതുവരെ കണ്ടെത്തിയ പ്രതികളെല്ലാം ഇടതുമുന്നണിയുമായി ബന്ധമുള്ളവര്‍. രാഷ്ട്രീയ എതിരാളികള്‍ മന്ത്രിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ പ്രചാരണം. ഇടതു വിരുദ്ധരായ ചിലര്‍ ചേര്‍ന്ന് ഇല്ലാക്കഥ ചമച്ചുവെന്നാണു കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ ആരോപിച്ചത്.

ഹോമിയോ ഡോക്ടര്‍ നിയമനത്തട്ടിപ്പ് കേസില്‍ ഇതിനകം അറസ്റ്റിലായ കൊയിലാണ്ടി എകരൂല്‍ സ്വദേശി റഹീസിന് സിപിഐയോടും പത്തനംതിട്ട സ്വദേശി അഖില്‍ സജീവന് സിപിഎമ്മിനോടുമാണ് ആഭിമുഖ്യം. ഇവര്‍ക്കൊപ്പം തട്ടിപ്പില്‍ പങ്കാളിയായതിന് പൊലീസ് പ്രതിചേര്‍ത്തിട്ടുള്ള കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ലെനിന്‍ രാജിന് സിപിഎമ്മുമായാണു ബന്ധമുള്ളത്.

പൊലീസിനു 2 തവണ മൊഴി കൊടുത്ത ഇദ്ദേഹത്തിന്റെ സുഹൃത്ത്, മലപ്പുറം പന്തല്ലൂര്‍ സ്വദേശി കെ.പി.മുഹമ്മദ് അബ്ദുല്‍ ബാസിത് AISF മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ടവരെല്ലാം സിപിഎം, സിപിഐ ബന്ധമുള്ളവരാണെന്നതിനു പുറമേ, ഇവരെല്ലാം മറ്റു കേസുകളിലും പ്രതികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വനഭൂമി പതിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണു ഹരിദാസന്‍. മന്ത്രി വീണയുടെ ഓഫിസിനെതിരെ പരാതിയുമായി എത്തിയ ഇയാളെ മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചെങ്കിലും ഹാജരായില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തശേഷം കടന്നുകളഞ്ഞെന്നാണു മലപ്പുറം പൊലീസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.

സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവന്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയത് ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ്. അഖില്‍ സജീവും റഹീസും ലെനിന്‍ രാജും ചേര്‍ന്നു കുന്നമംഗലത്ത് ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിയപ്പോള്‍ ഇടപാടുകാരനില്‍ നിന്നു പണം തട്ടിയതിന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖില്‍ സജീവനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് കന്റോണ്‍മെന്റ് പൊലീസ് കോടതിയെ സമീപിക്കും.

Leave A Reply