ഡല്‍ഹി: വാളെടുത്തവരൊക്കെ വെളിച്ചപ്പാടായപ്പോൾ ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. മൂന്ന് ബാറ്റർമാരാണ് ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി കുറിച്ചത്. ഓപ്പണർ ക്വിന്റൺ ഡീക്കോക്ക് 100 റൺസെടുത്തപ്പോൾ റസി വാൻഡർ ഡസൻ 108 റൺസും എയ്ഡൻ മാർക്രം 106 റൺസുമെടുത്തു.
അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ മുഴുവൻ കണക്കു കൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പുറത്തെടുത്തത്. രണ്ടാം ഓവറിൽ ക്യാപ്റ്റൻ ടെംപാ ബാവുമ പുറത്തായ ശേഷം ഒത്തു ചേർന്ന ഡീക്കോക്ക് വാൻഡർ ഡസൻ സഖ്യം ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. സ്‌കോർബോർഡിൽ 200 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. 84 പന്തിൽ 12 ഫോറും മൂന്ന് ഫോറും സഹിതമാണ് ഡീക്കോക്ക് 100 റൺസ് അടിച്ചെടുത്തത്. പിന്നീട് ക്രീസിലെത്തിയ എയ്ഡൻ മാർക്രമിനൊപ്പം സ്‌കോറുയർത്തിയ വാൻഡർഡസൻ 37ാം ഓവറിൽ വെല്ലലഗെക്ക് മുന്നിൽ വീണു.