അമേരിക്ക: പാകിസ്ഥാനിലെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. റഷ്യയുമായി കൈകോര്‍ക്കുന്നതിനു പുറമെ, തങ്ങള്‍ക്കെതിരായ മാധ്യമ റിപ്പോര്‍ട്ടുകളെ ചെറുക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നാണ് യുഎസ് റിപ്പോര്‍ട്ട്. പാകിസ്ഥാനുമായി മാധ്യമ ഇടനാഴി ഉള്‍പ്പെടെ ആരംഭിക്കാന്‍ ചൈന കരട് തയ്യാറാക്കിയെന്നാണ് ആരോപണം.
വിദേശത്ത് ചൈനീസ് അനുകൂല വാര്‍ത്തകള്‍ ഉറപ്പാക്കാന്‍ ചൈന പ്രതിവർഷം കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ ആരോപിച്ചു. ചൈനയെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഉയര്‍ത്തിക്കാട്ടാന്‍ തെറ്റായതോ അല്ലെങ്കിൽ പക്ഷപാതപരമോ ആയ വിവരങ്ങൾ കൈമാറുന്നു എന്നാണ് ആരോപണം.
ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) മീഡിയ ഫോറത്തിന് കീഴില്‍ ഉൾപ്പെടെ പാകിസ്ഥാനുമായി സഹകരണം ആഴത്തിലാക്കാൻ ബീജിംഗ് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബീജിംഗും ഇസ്‌ലാമാബാദും ചേര്‍ന്ന് സിപിഇസി റാപ്പിഡ് റെസ്‌പോൺസ് ഇൻഫർമേഷൻ നെറ്റ്‌വർക്ക് പോലെയുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത്, ചൈന – പാകിസ്ഥാൻ മാധ്യമ ഇടനാഴി (സിപിഎംസി) ആരംഭിക്കാന്‍ തീരുമാനിച്ചെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.