മൻ കി ബാത് ഏറ്റവും കൂടുതൽ ജനകീയമായതിന് ഒരു കാരണം പ്രധാനമന്ത്രി ഈ പരിപാടിയിൽ യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തത് കൊണ്ടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളിൽ എത്തിയ റേഡിയോ പരിപാടിയാണ് മൻ കി ബാത് എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച മൻ കി ബാത് @ 100 ക്വിസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരു ഐ ഐ എം അടുത്തിടെ നടത്തിയ പഠന റിപ്പോർട്ടിൽ മൻ കി ബാതിന്റെ സ്വീകാര്യതയെ കുറിച്ചുള്ള വിശദാംശങ്ങൾ പരാമർശിച്ചിട്ടുണ്ട്.
കേവലം പ്രധാനമന്ത്രി സംസാരിക്കുന്ന ഒരു പരിപാടി മാത്രമല്ല, ഗവൺമെന്റ് നയങ്ങൾ ജനങ്ങളിൽ എത്തിക്കാനും മൻ കി ബാതിന് സാധിച്ചു, കായിക മേഖലയിലെ നേട്ടം, ലഹരിക്കെതിരെയുള്ള പോരാട്ടം, നൈപുണ്യ മികവ് തുടങ്ങി യുവതലമുറയുമായ് ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാതിന്റെ മുൻ ലക്കങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.