പശ്ചിമ ബംഗാൾ കേസിൽ സുപ്രീംകോടതി: ബില്ലിൽ ഗവർണർ അടയിരിക്കരുത്

ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം നീട്ടിക്കൊണ്ടു പോകുന്ന ഗവർണറുടെ നിലപാടിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇതോടെ കേരളത്തിലടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പല ബില്ലുകളും പിടിച്ചുവച്ചിരിക്കുന്ന ഗവർണമാർ സമ്മർദ്ദത്തിലായി.

നിയമസഭ പാസാക്കി അയക്കുന്ന ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ഭരണഘടനയിൽ സമയപരിധി പറഞ്ഞിട്ടില്ല. അതിനർത്ഥം തീരുമാനമെടുക്കരുത് എന്നല്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്,​ ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേരള സർക്കാർ ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ചിരുന്ന് സംസാരിക്കണമെന്നും കൂടിക്കാഴ്ചകൾ നിലച്ചുപോകരുതെന്നും കോടതി പറഞ്ഞു. ഇതും കേരളത്തിൽ പ്രസക്തമാണ്. മുഖ്യമന്ത്രി തന്നെ കാണാൻ വരുന്നില്ലെന്നും ഭരണകാര്യങ്ങൾ അറിയിക്കുന്നില്ലെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചതും അടുത്തിടെയാണ്.

പശ്ചിമബംഗാളിലെ സർവകലാശാലകളുടെ ചാൻസർ സ്ഥാനത്തു നിന്ന് ഗവർണറെ ഒഴിവാക്കി പകരം മുഖ്യമന്ത്രിയെ നിയമിക്കുന്ന സർവകലാശാല ഭേദഗതി ബില്ല് ഈ വർഷം ആദ്യം പാസാക്കി അയച്ചെങ്കിലും ഗവർണർ ആനന്ദബോസ് തീരുമാനമെടുക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

Leave A Reply