സഭ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ സഭാ കോടതി തയ്യാറെടുടുക്കുന്നുവെന്ന വാര്‍ത്തയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രത്യേകിച്ച് ക്രൈസ്തവ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു വിഷയം.
സീറോ മലബാര്‍ താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ക്കാണ് രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാര്‍ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എനൊക്കെയുള്ള കുറ്റമാണ് ഈ വൈദീകനെതിരെ ചാര്‍ത്തിയിരിക്കുന്നത് .
വൈദീക ശുശ്രൂഷ ഉപേക്ഷിച്ച വൈദികനെയാണ് കുറ്റവിചാരണ ചെയ്യാന്‍ പോകുന്നത് . പല വിഷയത്തിലുമുള്ള സഭാനേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് വൈദീക ശുശ്രൂഷയില്‍ നിന്നും സ്വയം വിരമിച്ച പുരോഹിതനാണ് ഫാ. അജി പുതിയാപറമ്പില്‍ .
പൗരോഹിത്യം തുടര്‍ന്നുകൊണ്ട് സാമൂഹികപ്രവര്‍ത്തനം നടത്തുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹ ജഡ്ജിമാര്‍.
ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മത കോടതിയെന്നും സഭയിലെ അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചതിനാണ് തനിക്കെതിരെ ഈ കുറ്റ വിചാരണയെന്നും ഫാ. അജി പുതിയാപറമ്പില്‍ പറഞ്ഞു.
സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിര്‍ത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് , തന്നെ പുറത്താക്കാന്‍ വേണ്ടിയാണെന്നും ഫാദര്‍ അജി പുതിയാപറമ്പില്‍ പറഞ്ഞു. നാലു കുറ്റങ്ങളാണ് ഈ വൈദീകനെതിരെ ചുമത്തിയിട്ടുള്ളത്.
1. നൂറാംതോട് സെയ്ന്റ് ജോസഫ്‌സ് പള്ളി വികാരിയായി ചുമതലയേല്‍ക്കാനുള്ള ഉത്തരവ് അനുസരിക്കാതെ സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പിട്ടശേഷം സ്ഥലംവിട്ടു.
2. സിറോ മലബാര്‍ സഭയുടെ സിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരേ നിലപാടെടുത്തു. അധികാരികള്‍ക്കെതിരേ കലാപത്തിനു പ്രേരിപ്പിച്ചു. പൊതുസമൂഹത്തിനു മുന്നില്‍ സഭയ്ക്ക് അപകീര്‍ത്തിവരുത്തി.
3. ശുശ്രൂഷാദൗത്യം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ബിഷപ്പുള്‍പ്പെടെ ശ്രമിച്ചിട്ടും വഴങ്ങിയില്ല. ഇതു കാനോനിക നിയമങ്ങളുടെ ലംഘനമാണ്.
4. പ്രാഥമികാന്വേഷണം നടത്തി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മാരിക്കുന്ന് വൈദികമന്ദിരത്തില്‍ താമസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും കൂട്ടാക്കിയില്ല. ഇങ്ങനെ നാല് കുറ്റങ്ങളാണ് സഭാ കോടതിയില്‍ വിചാരണയ്ക്ക് വരുന്നത് .
വൈദികനെ സസ്‌പെന്‍ഡുചെയ്ത തീരുമാനം പുതിയ ഉത്തരവില്‍ പിന്‍വലിച്ചിട്ടുണ്ട്. സസ്‌പെന്‍ഷനെതിരേ ഫാ. പുതിയാപറമ്പില്‍ അപ്പീല്‍ നല്‍കിയിരുന്നു. കൃത്യമായ കാനോനിക നടപടിക്രമം പൂര്‍ത്തീകരിച്ച് കൂടുതല്‍ നടപടിയെടുക്കാനാണു കുറ്റവിചാരണക്കോടതി സ്ഥാപിച്ചതെന്നാണു സൂചന.
മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിനെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ നൂറാംതോട് പള്ളിയിലേക്കു മാറ്റിയിരുന്നു. അവിടെ ചുമതലയേല്‍ക്കേണ്ടദിവസമാണു ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്കു പോന്നത്.
ശുശ്രൂഷാദൗത്യം ഉപേക്ഷിക്കുകയെന്നത് ഒന്നരവര്‍ഷം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു . പുരോഹിതനായി തുടരുമെങ്കിലും സഭയുടെ ചട്ടക്കൂടിനകത്താകില്ല. ഇനിയുള്ളകാലം പ്രസംഗവും എഴുത്തുമായും കഴിയും എന്നായിരുന്നു അച്ചന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നത് .
മുക്കം ഇടവകാംഗങ്ങളുമായി നൂറാംതോട്ടിലേക്കു പോകുംവഴിയാണു തീരുമാനം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതറിഞ്ഞു രൂപതാധികൃതര്‍ തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നു. വൈകാരികമായെടുത്ത തീരുമാനമല്ലാത്തതിനാല്‍ മാറ്റുന്നില്ലന്ന് അവരോട് മറുപടിയും പറഞ്ഞിരുന്നു .
തീരുമാനം പ്രഖ്യാപിച്ചദിവസം രാത്രി എവിടെ ഉറങ്ങുമെന്നു പോലും അറിയില്ലായിരുന്നു. മുമ്പോട്ടെങ്ങനെ പോകുമെന്നുമറിയില്ല. പക്ഷേ, താന്‍ ദരിദ്രനാണെങ്കിലും കര്‍ത്താവ് സമ്പന്നനാണന്നും ആ വിശ്വാസത്തിലാണ് മുന്‍പോട്ട് പോകുന്നതെന്നും – അദ്ദേഹം പറയുന്നു.
ഫാ. അജി പുതിയാപറമ്പില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ പുറത്തുവിട്ട സന്ദേശം ഒന്ന് കേള്‍ക്കാം ;
എനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചി , സഹോദരങ്ങളേ, സഭയിലെ പിതാക്കന്മാരേ, വൈദികരേ, സന്യസ്തരേ, സഹോദരീ സഹോദരന്മാരെ , മുക്കം, നൂറാം തോട് ഇടവകകളിലെ ദൈവജനമേ, കേരളത്തിലെ എന്റെ സഹോദരീ സഹോദരന്മാരേ,
ഇക്കഴിഞ്ഞ 20 വര്‍ഷം കത്തോലിക്കാ സഭയില്‍ , താമരശേരി രൂപതയില്‍ വൈദികനായി ഞാന്‍ ശുശൂഷ ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ 20 വര്‍ഷവും എന്റെ കഴിവിന്റെ പരമാവധി ക്രിസ്തുവിനോടും ദൈവജനത്തോടും വിശ്വസ്തനായിരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ വൈദിക ശുശ്രൂഷകളും ആത്മാര്‍ത്ഥമായി അനുഷ്ഠിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നു മുതല്‍ ക്രൈസ്തവ പൗരോഹിത്യത്തിന്റെ ദൗത്യങ്ങളിലൊന്നായ പ്രവാചക ദൗത്യത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയാണ്.
എന്നെ ശുശ്രൂഷാ പൗരോഹിത്യത്തിലേയ്ക്കു വിളിച്ച എന്റെ ഗുരുനാഥന്‍ ക്രിസ്തു തന്നെയാണ് ഈ പുതിയ ദൗത്യത്തിലേക്കും എന്നെ വിളിക്കുന്നത് എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട്. തികച്ചും അപകടം പിടിച്ചതാണ് ഈ വഴിയെന്ന് എനിക്കറിയാം. ഒരു കത്തോലിക്ക വൈദികന് ലഭിക്കുന്ന സുരക്ഷിതത്വമെല്ലാം നഷ്ടപ്പെടുത്തുന്നതാണ് ഇതെന്ന് എനിക്കറിയാം. കുരിശിന്റെ പാതയാണ് ഇതെന്നും എനിക്കറിയാം. എങ്കിലും എനിക്ക് ക്രിസ്തുവിന്റെ ഊ ക്ഷണത്തില്‍ നിന്ന് പിന്മാറാനാവില്ല. അത്രയ്ക്കും ശക്തമാണത്.
കേരളത്തിലെ ക്രൈസ്തവ സഭകള്‍ പ്രത്യേകമായി സീറോ മലബാര്‍ സഭ വലിയൊരു ജീര്‍ണ്ണതയിലൂടെ കടന്നു പോവുകയാണ്. ക്രിസ്തുവിന്റെ വഴിയില്‍ നിന്നും വളരെ അകലെയാണ് ഇന്നത്തെ സഭാ നേതൃത്വം സഞ്ചരിക്കുന്നത്. മനുഷ്യന്‍ കണ്ടുപിടിച്ച ആരാധനാക്രമ നിയമങ്ങള്‍ക്കാണ് ദൈവത്തിന്റെ നിയമങ്ങളായ സ്‌നേഹം കാരുണ്യം എന്നിവയേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത്. ഇതിന്റെ പേരില്‍ ഒരു പള്ളി അടച്ചു പൂട്ടിയിട്ട് 4 മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സഭാമക്കള്‍ സൈബറിടത്തില്‍ പരസ്പരം പോരടിക്കുന്നു. താല്ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി സമുഹത്തില്‍ വെറുപ്പ് വിതയ്ക്കുന്നു. സഭാപിതാക്കന്മാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നു. രാഷ്ട്രീയമായി അവസരത്തിനൊത്ത് അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നു. അതിനു വേണ്ടി വില പേശുന്നു. ഇങ്ങനെ പലതും . ഇതൊന്നും ക്രിസ്തുവിന്റെ രീതിയല്ല.
എന്നാല്‍ ഇതിലെല്ലാം സഭയിലെ സാധാരണക്കാരായ വിശ്വാസികളും സത്യസ്തരും ഒരുപാട് വൈദികരും ദുഃഖിതരാണ്. ഭയം മൂലം ആരും ഒന്നും പറയുന്നില്ല എന്നേയുള്ളൂ. സഭയില്‍ വിശുദ്ധരായ ധാരാളം പേരുണ്ട്. പക്ഷെ അവരെല്ലാം ഇന്ന് നിശ്ശബ്ദരാണ്. സത്യം വിളിച്ചു പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫ് സാര്‍ എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്നത് കേരളം കണ്ടതാണ്.
അതു കൊണ്ട് തെറ്റ് തെറ്റാണ് എന്ന് പറയാന്‍ ക്രിസ്തു എന്നെ ഭരമേല്പിച്ച പ്രവാചക ദൗത്യത്തിലേയ്ക്ക് ഞാനിന്ന് പ്രവേശിക്കുയാണ്. അതിനു വേണ്ടി ഒരു വൈദികന്റെ സുരക്ഷിതത്വം ഞാനിന്ന് ഉപക്ഷിക്കുകയാണ്. ഇക്കഴിഞ്ഞ 20 വര്‍ഷം ഞാന്‍ അമൂല്യമായി കാത്തുസൂക്ഷിച്ച വൈദിക ജീവിതം ഞാന്‍ തുടരും . വൈദിക വസ്ത്രമായ ളോഹ ഞാന്‍ തുടര്‍ന്നും ധരിക്കും. കത്തോലിക്ക സഭയെ സ്‌നേഹിച്ചു കൊണ്ട് ഒരു കത്തോലിക്കനായിത്തന്നെ ഞാന്‍ തുടര്‍ന്നും ജീവിക്കും. സഭയെ ഇന്ന് ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരേ ഒരു പ്രവാചകന് യോജിച്ച രീതിയില്‍ ഞാന്‍ പ്രതികരിക്കും.
എന്റെ ഇപ്പോഴെത്തെ ഈ തീരുമാനം കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുക നൂറാം തോട് ദൈവജനത്തിനാണ്. നിങ്ങളെന്നോട് ദയവായി ക്ഷമിക്കുക. ഇക്കാര്യം മുന്‍കൂട്ടി നിങ്ങളോട് പറയുവാന്‍ സാധിക്കുമായിരുന്നില്ല. ഞാനിക്കാര്യം ക്രിസ്തുവിനോടല്ലാതെ മറ്റാരോടും എന്റെ പ്രിയപ്പെട്ട അമ്മച്ചിയോട് പോലും പറഞ്ഞിട്ടില്ല. ഞാന്‍ കൂടുതലൊന്നും പ്ലാന്‍ ചെയ്തിട്ടുമില്ല. ഇന്നു രാത്രി എവിടെ അന്തിയുറങ്ങണമെന്നു പോലും ഞാന്‍ തീരുമാനിച്ചിട്ടില്ല. അതിനെല്ലാം എന്റെ കര്‍ത്താവ് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കിക്കൊള്ളും ഞാനൊരു ദരിദ്രനാണെങ്കിലും എന്റെ കര്‍ത്താവ് സമ്പന്നനാണ്.
ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്‌നേഹത്തെ പ്രതിയാണ് ഞാനീ ദൗത്യം ഏറ്റെടുക്കുന്നത്. കുരിശിന്റെ വഴിയാണിത്. അപകടം പിടിച്ച വഴിയാണിത്. എങ്കിലും ഞാനിത് ഇഷ്ടപ്പെടുന്നു. കുരിശുമരണം വരെ നിങ്ങളുടെ പ്രാര്‍ത്ഥന എന്റെ കൂടെയുണ്ടാകണം.
മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ സ്വദേശിയാണ് ഫാ. അജി പുതിയാപറമ്പില്‍ . വൈദീകനായിട്ട് 20 വര്‍ഷമായി . മനുഷ്യന്‍ കണ്ടുപിടിച്ച ആരാധനക്രമ നിയമങ്ങള്‍ക്കാണു ദൈവത്തിന്റെ നിയമങ്ങളായ സ്‌നേഹം, കാരുണ്യം എന്നിവയെക്കാള്‍ പ്രാധാന്യം.
ഇതിന്റെ പേരില്‍ എറണാകുളം ബസലിക്ക പൂട്ടിയിട്ടു നാലുമാസമായി. ജനാഭിമുഖ കുര്‍ബാനയോടാണു ഭൂരിപക്ഷത്തിനും താത്പര്യം. സഭാപിതാക്കന്മാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നു. രാഷ്ട്രീയമായി അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നു. അതിനുവേണ്ടി വിലപേശുന്നു. സാധാരണ വിശ്വാസികളും സന്ന്യസ്തരും വൈദികരും വിഷമത്തിലാണ്. ഭയംമൂലം ആരുമൊന്നും പറയുന്നില്ലെന്നേയുള്ളൂവെന്നും അജി അച്ചന്‍ പറയുന്നു.