ദേശാഭിമാനിയില്‍ പരസ്യ വരുമാന കണക്കില്‍ തിരിമറി കാണിച്ചു നാലു കോടി രൂപ വെട്ടിച്ചതിനു സസ്‌പെഷനിലായ കൊച്ചി യൂണിറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ എസ്.ഷിനോയ് രാജി വച്ചു. ദേശാഭിമാനിയിലെ പ്രത്യേക ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്.
നാലു കോടി നഷ്ടമായിട്ടും ഉത്തരവാദിയായ മാനേജര്‍ക്കെതിരെ നിയമ നടപടിക്ക് ജനറല്‍ മാനേജര്‍ കെ.ജെ.തോമസ് തടസം നില്‍ക്കുന്നതില്‍ സ്ഥാപനത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. കെ.ജെ.തോമസിന്റെ നിയന്ത്രണത്തിലുള്ള ഒരു കോക്കസിന്റെ ഭാഗമായിരുന്നു ഷിനോയ്. കെ.ജെ.തോമസിന്റെ ആശീര്‍വാദത്തോടെ ഇതേ രീതിയില്‍ മറ്റു യൂണിറ്റുകളിലും പരസ്യ വരുമാന തിരിമറി നടന്നിട്ടുണ്ട്. കോട്ടയം യൂണിറ്റിലെ രഞ്ജിത് വിശ്വം, ഗോപന്‍ നമ്പാട്ട്, പ്രദീപ് മോഹന്‍ എന്നിവര്‍ക്കെതിരായ ഓഡിറ്റ് റിപ്പോര്‍ട്ട് കെ.ജെ.തോമസ് പൂഴ്ത്തി വച്ചിരിക്കുകയാണ്.
പരസ്യ വരുമാന നിരക്കില്‍ അമിതമായ ഇളവു നല്‍കി മാനേജര്‍മാര്‍ എജന്‍സികളില്‍ നിന്നു കമ്മിഷന്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ സോഫ്റ്റ് വെയര്‍ തിരിമറിയിലൂടെയും കോടികളുടെ വരുമാന കണക്ക് ഒളിപ്പിച്ചു.
ഇ.പി.ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരിക്കെ നിയമിച്ച മാര്‍ക്കറ്റിങ് മാനേജര്‍മാരുടെ ടീമില്‍ ഉള്‍പ്പെട്ടയാളാണ് ഷിനോയ്. പാര്‍ട്ടിക്കു വേണ്ടി കള്ളപ്പണം വെളുപ്പിക്കാന്‍ ജയരാജന്റെ നിര്‍ദേശ പ്രകാരം ദേശാഭിമാനി ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗിച്ചിരുന്നു. ജയരാജന്‍ മന്ത്രിയായപ്പോഴാണ് കെ.ജെ.തോമസ് ജനറല്‍ മാനേജരായത്.
പാര്‍ട്ടിക്കു വേണ്ടിയാണെന്ന പേരില്‍ വ്യക്തിപരമായും മാനേജര്‍മാര്‍ ക്രമക്കേടുകള്‍ കാണിക്കുന്നതിനു കെ.ജെ.തോമസ് കൂട്ടു നിന്നു. ഇതിന്റെ ഫലമായി സ്ഥാപനത്തില്‍ ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യാനാകാത്ത സ്ഥിതിയുണ്ടായി. ദേശാഭിമാനിയിലെ കെ യുഡബ്ല്യുജെ സെല്‍ മനോഹരന്‍ മോറായി ഇക്കാര്യത്തിലുള്ള പ്രതിഷേധം റസിഡന്റ് എഡിറ്റര്‍ വി.ബി.പരമേശ്വരനു നല്‍കി. ഇതേ തുടര്‍ന്നാണ് പരമേശ്വരന്റെ ആവശ്യപ്രകാരം ചീഫ് എഡിറ്റര്‍ ദിനേശന്‍ പുത്തലത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച് ദേശാഭിമാനിയില്‍ പ്രത്യേക ഓഡിറ്റിങിനു തീരുമാനമെടുത്തത്.
ഫലത്തില്‍ ഇ.പി.ജയരാജനെ കൂടി പ്രതിക്കൂട്ടിലാക്കുന്ന തീരുമാനത്തിനു പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രത്യേക താല്‍പര്യവുമെടുത്തു. ജയരാജന്റെ പക്ഷക്കാരായവരെ ദേശാഭിമാനിയില്‍ നിന്നു പുകച്ചു പുറത്താക്കാനാണ് ഗോവിന്ദന്റെ ശ്രമം.
ദേശാഭിമാനി എണ്‍പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി എട്ടു ജില്ലകളില്‍ സംഘടിപ്പിച്ച കലാസന്ധ്യകളുടെ പേരില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് അമിത നിരക്കില്‍ തുക അനുവദിച്ചതിനെ കുറിച്ചും ഓഡിറ്റിങ് നടത്തണമെന്ന് റസിഡന്റ് എഡിറ്റര്‍ പരമേശ്വരന്‍ ചീഫ് എഡിറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്ഷരമുറ്റം ക്വിസ് സമാപന സമ്മേളനത്തിന്റെ പേരിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് വന്‍തുക നല്‍കിയിരുന്നു.