കേരളാ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ചില കാര്യങ്ങൾ കൂടി കാണാതെ പോകരുത് .
2010 ൽ ചില മതപുരോഹിതന്മാരുടെ കൂടി നിർബന്ധത്തിന് വഴങ്ങി കെ എം മാണി, ജോസഫിന്റെ കേരള കോൺഗ്രസിനെ തന്റെ പാർട്ടിയിൽ ലയിപ്പിച്ചതുവരെയാണ് നമ്മൾ കഴിഞ്ഞ ദിവസം പറഞ്ഞു നിർത്തിയത്.
ലയനത്തിന് പച്ചക്കൊടി കാട്ടാതിരുന്ന മാണിയെ തന്ത്രപൂർവം ഒരു ധ്യാനകേന്ദ്രത്തിലെത്തിച്ച് സ്നേഹപൂർവ്വം നിർബന്ധിച്ചായിരുന്നു ആ ലയനം നടത്തിയത്. തനിക്ക് ഒരു പാർട്ടി നടത്തിക്കൊണ്ടു പോകാനുള്ള ആരോഗ്യം നഷ്ടമായിയെന്നും താനിനി ഒന്നിനും ഇല്ലായെന്നും ജോസഫ് കെ എം മാണിയുടെ കാര്യങ്ങൾ ചേർത്ത് പിടിച്ചു പറഞ്ഞു .
ഇത് വിശ്വസിച്ചാണ് എന്നും മാണിക്കിട്ട് പാറകൾ മാത്രം വച്ചിട്ടുള്ള ജോസഫിനെ മാണി വീണ്ടും കൂടെ കൂട്ടിയത് . ജോസഫിനെ ലയിപ്പിച്ചപ്പോൾ ഏറ്റവും വലിയ അടിപറ്റിയത് സി എഫ്. തോമസിനാണ്. അതിന്റെ ശത്രുത സി എഫിന്റെ കാലം കഴിയുന്നതുവരെ മാണിയോടും മകനോടുമുണ്ടായിരുന്നു.
2011 ലെ യുഡിഎഫ് മന്ത്രിസഭയിൽ ജോസഫ് മന്ത്രിയാകുന്നത് സി. എഫിന്റെ സ്ഥാനത്താണ്. മറ്റൊരു വിചിത്ര കാര്യം. ജോസഫിനെ കൂടെ കൂട്ടിയാൽ അതിന്റെ ഗുണവും ദോഷവും മാണി സ്വയം അനുഭവിച്ചു കൊള്ളണമെന്ന കോൺഗ്രസ് നിലപാടും, കാലം കഴിഞ്ഞപ്പോൾ ഇതേ ജോസഫിനെ കൂടെ കൂട്ടി മാണിക്കിട്ടും മകനിട്ടും പണിതതിനും ചരിത്രം സാക്ഷി.
കോൺഗ്രസ് എതിർപ്പ് തുടരുമ്പോൾ സീറ്റ് വിഭജനത്തിന് മുമ്പേ തൊടുപുഴയിലെ ജോസഫിന്റെ സ്ഥാനാർത്ഥിത്വം മാണി ഡൽഹിയിൽ പ്രഖ്യാപിച്ചു. ഇത് കേട്ട കോൺഗ്രസ് പ്രവർത്തകർ തൊടുപുഴയിൽ മാണിക്കാരെ തല്ലിച്ചതച്ചു. ജോസഫ് മാണിയുടെ സംരക്ഷണയിൽ രണ്ടിലയിൽ രക്ഷപ്പെടുകയും ചെയ്തുവെന്നതിനും ചരിത്രം സാക്ഷി. ജോസഫിന് സ്വന്തം സീറ്റിൽ ചിലത് വീതിച്ചു നൽകി മാണി കൂടെ നിറുത്തി.
2014 ൽ ബാർ കോഴ ആരോപണം ഉണ്ടാകുമ്പോഴാണ് ജോസഫ് വിശ്വരൂപം പുറത്ത് കാണിച്ചത്. മാണിക്കെതിരെ അടിസ്ഥാനരഹിതമെങ്കിലും ഒരാരോപണമിറങ്ങുമെന്നത് മാണിക്കും മകനും ഒഴികെ ഒട്ടുമിക്ക മാണിഗ്രൂപ്പ് നേതാക്കൾക്കും അറിയാമായിരുന്നുവെന്നത് ഞെട്ടിക്കുന്ന സംഭവമാണ്.
ചക്കളത്തി പോരാട്ടം നടത്തുന്ന കോൺഗ്രസിനെ വിട്ട് മാണി ഇടതുമുന്നണിയിൽ ചേക്കേറും മെന്നുകരുതിയാണ് കോൺഗ്രസ് ഈ ആരോപണമുന്നയിച്ചത്. മാണിയും അന്നത്തെ സിപിഎം സെക്രട്ടറിയും രഹസ്യമായി കണ്ടുവെന്ന് ഏതോകോണിൽ നിന്നും വാർത്ത പുറത്തുവന്നതും, ഇടതുമുന്നണിയുമായി ചേർന്ന് 1979 ൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ മുഖ്യമന്ത്രിപദം നേടിയാലോയെന്ന് പാർട്ടിയിലെ എംഎൽഎമാരോടും ചില നേതാക്കന്മാരോടും പങ്കുവച്ചതും കാരണമായി.
തിരുവല്ലാക്കാരൻ നേതാവ് ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും ഒരു കോൺഗ്രസ് പത്രത്തെയും വിവരമറിയിച്ചു. സി എഫ് തോമസ് കത്തോലിക്കാ സഭയിലെ ഒരു പുരോഹിത ശ്രേഷ്ഠനെ വിവരം മറിയിക്കുകയും അദ്ദേഹമത് ഉമ്മൻചാണ്ടിയെ ധരിപ്പിക്കുകയും ചെയ്തു.
ആരോപണം പുറത്ത് വന്നതോടെ പ്രൊഫ. എൻ. ജയരാജ്ഉം റോഷിയും ഒഴികെയുള്ളവർ മാറിനിന്ന് വീക്ഷിക്കാൻ തുടങ്ങി. പലരും മാണിയെ കാണാൻവരെ മടിച്ചു. യഥാർത്ഥത്തിൽ രണ്ടുപേരുടെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന മന്ത്രിസഭയെ ഒൻപത് അംഗങ്ങളുള്ള കേരള കോൺഗ്രസ് വിചാരിച്ചാൽ നിഷ്പ്രയാസം മറിച്ചിടാമായിരുന്നു.
റോഷിയും ജയരാജു നമുക്ക് മാണിസാറിനൊപ്പം മരിക്കാമെന്ന നിലപാടെടുത്തുവെങ്കിലും എല്ലാവരുമില്ലായെങ്കിൽ ഒന്നും വേണ്ടായെന്ന നിലപാടാണ് കെ എം മാണി സ്വീകരിച്ചത്. ഇതിനിടെ യുഡിഎഫിൽ കിട്ടിയ സ്ഥാനമാനങ്ങൾ രാജിവച്ച് എതിർപ്പറിയിക്കാമെന്ന അഭിപ്രായവുമുണ്ടായി .
അവിടെ കൂർമ്മ ബുദ്ധിക്കാരനായ ജോസഫ് പറഞ്ഞു , ഞാൻ മന്ത്രിസഭയിലുള്ളതാണ് നീക്കങ്ങൾ മനസ്സിലാക്കാൻ നല്ലതെന്ന് . അതിലും വിചിത്രം മാണി സ്വന്തമെന്ന് കരുതിയിരുന്ന ചീഫ്‌വിപ്പ് ഉണ്ണിയാടൻ രാജിക്കത്തുമായി ക്ലിഫ് HOUSE ലേക്ക് പറന്നു.
താൻ വിദേശ പര്യടനത്തിന് പോവുകയാണെന്നും പാർട്ടിയുടെ മുന്നിൽ മുഖം രക്ഷിക്കാൻ ഈ രാജി കത്ത് നൽകുന്നുവെന്നും ഇത് സ്വീകരിക്കരുതെന്നും ഉമ്മൻചാണ്ടിയോട് അഭ്യർത്ഥിച്ചത് അതേ നിമിഷത്തിൽ മാണിയുടെ ഗ്രൂപ്പ് മാനേജർമാർ അറിഞ്ഞുവെന്നത് കൗതുകകരമാണ്.
ഏതായാലും ജോസഫ് ഗ്രൂപ്പിലായിരുന്ന ആന്റണി രാജു മനസ്സുകൊണ്ട് ഏതു നിലപാടെടുത്താലും ശരീരം കൊണ്ടും ശാരീരം കൊണ്ടും മാണിയുടെ കൂടെ നിന്നു. 2016 ആയപ്പോഴേക്കും കഥ മാറി. ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന കാഴ്ചപ്പാടിൽ ഫ്രാൻസിസ് ജോർജ്ജും കൂട്ടരും കൂറുമാറി.
മാത്രമല്ല അവർക്ക് മത്സരിക്കാൻ പറ്റിയ സീറ്റ് പാർട്ടിക്കുള്ളിൽ ലഭിക്കാൻ സാധ്യതയും ഇല്ലാതായി. തന്റെ കൂടെ ഉറച്ചുനിന്ന ആന്റണി രാജുവിന് ഉറപ്പുള്ള സീറ്റെന്ന നിലയിൽ കുണ്ടറ പിടിക്കാനും മാണി തീരുമാനിച്ചുവെങ്കിലും ജോസഫ് ഗ്രൂപ്പിലെ ചിലർക്ക് കൂടി സീറ്റ് ലഭ്യമാകില്ലെന്ന കാരണത്താൽ ആന്റണി രാജു അത് സ്നേഹപൂർവ്വം നിരസിച്ചു.
ആ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, – പാളയത്തിലെ പടല പിണക്കം മൂലം അധികാരത്തിൽ നിന്നും പുറത്തായി. ചരൽക്കുന്നിൽവച്ച് മുന്നണിവിട്ട് പുറത്തുവരാൻ മാണി ഗ്രൂപ്പ് തീരുമാനമെടുത്തു. ഇതിനിടെ ഉമ്മൻചാണ്ടി മാണിഗ്രൂപ്പിനെ തിരികെ യുഡിഎഫിൽ കൊണ്ടുവരാനുള്ള നീക്കമാരംഭിച്ചു.
അതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്ത്രപൂർവം മാണി ഗ്രൂപ്പ് എൽഡിഎഫിന്റെ സഹായത്തോടെ പിടിച്ചടക്കി. അതേ ജില്ലാപഞ്ചായത്തിന്റെ പേരിൽ മാണിയുടെ മകനെ പുറത്താക്കിയതും മാണിയുടെ മരണവും ഇലക്ഷൻ കമ്മീഷന്റെ വിധിയും അതിന്റെ പിന്നാമ്പുറ കഥകളും അടുത്തതിൽ.