ചെങ്ങന്നൂർ റിങ്ങ് റോഡ് നിർമ്മാണം ഒരു വർഷത്തിനുള്ളിൽ: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ചെങ്ങന്നൂർ റിങ്ങ് റോഡ് ബൈപ്പാസിനായി ആറ് മാസത്തിനകം ഭൂമിയേറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന ചെങ്ങന്നൂർ മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി.

ചെങ്ങന്നൂർ ടൗൺഷിപ്പിലെ എല്ലാ റോഡുകളും ആധുനിക സാങ്കേതിക വിദ്യയായ ബി.എം.ആൻഡ് ബി.സി നിലവാരത്തിലേക്കുയർത്തി. എല്ലാ സർക്കാർ സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. എൻജിനീയറിംഗ് കോളജ്, ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങളും ഹൈടെക്കായി മാറി.

മുളക്കുഴ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് , ചെങ്ങന്നൂർ -മാന്നാർ കുടിവെള്ള പദ്ധതി എന്നിവ നടപ്പിലാക്കിയതുവഴി ചെങ്ങന്നൂരിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി. ശബരിമല തീർത്ഥാടകർ ഏറെയത്തുന്ന ചെങ്ങന്നൂരിൽ ഇടത്താവളം നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടുത്ത 50 വർഷം മുന്നിൽ കണ്ടാണ് ഓരോ വികസന പദ്ധതിയും ആവിഷ്കരിക്കുന്നത്. ഇത്തരത്തിൽ ചെങ്ങന്നൂരിന്റെ മുഖം മാറ്റുന്ന തരത്തിലുള്ള വികസനത്തിനാണ് നാട്  സാക്ഷിയായതെന്നും മന്ത്രി പറഞ്ഞു.

ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലീം അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ ചെയർമാനും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു  കൺവീനറും തഹസിൽദാർ ബിജുകുമാർ ജോയിന്റ് കൺവീനറുമായ 1001 അംഗങ്ങളടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം രൂപീകരിച്ചു. 5000 അംഗങ്ങൾ അടങ്ങുന്ന ജനറൽ കമ്മിറ്റിക്കും രൂപം നൽകി. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമുഹ്യ രാഷ്ട്രീയ രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply