സർക്കാർ ഓഫീസുകൾ കൂടുതൽ പൊതുജന സൗഹൃദമാക്കുകയാണ് സർക്കാർ ലക്ഷ്യം- മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ജനങ്ങളും ഭരണ സംവിധാനവും തമ്മിലുള്ള അകലം കുറയ്ക്കാനും സർക്കാർ ഓഫീസുകൾ കൂടുതൽ പൊതുജന സൗഹൃദമാക്കാനുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന മാവേലിക്കര മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി.

അടുത്ത 25 വർഷത്തിനു ശേഷം ചെയ്യേണ്ട വികസന പ്രവർത്തികൾ ഇപ്പോൾ തന്നെ പ്രാവർത്തികമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനോടകം ലോകത്തിന്റെ വികസന ഗോളത്തിൽ നമ്മുടെ കൊച്ചു കേരളം ഇടം പിടിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ഈ വികസന പ്രവർത്തനങ്ങൾ  കാഴ്ച വെച്ച ജനകീയ സർക്കാരിനെ കൂടുതൽ അടുത്തറിയാനും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകാനുമാണ് സംസ്ഥാനത്തുടനീളം നവകേരള സദസ് നടത്തുന്നത്. ഒരു ക്ഷേമ രാഷ്ട്രം എങ്ങനെ ആകണമെന്നതിന് ഉദാഹരണമാണ് കേരളമെന്നും ഡിസംബർ 16 ന് മാവേലിക്കരയിൽ നടക്കുന്ന നവകേരള സദസ്സിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

മാവേലിക്കര ഗവ.റ്റി.റ്റി.ഐ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.എൽ.എ. ചെയർമാനും പി.ഡബ്യൂ.ഡി. ഇ.ഇ. ഡി. സാജൻ കൺവീനറുമായ 250 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചത്. 5001 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, മുൻ എം.പി. സി.എസ്. സുജാത എന്നിവർ രക്ഷാധികാരികളാണ്.

11 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. റിസപ്ഷൻ കമ്മിറ്റി ചെയർമാനായി വള്ളികുന്നം പഞ്ചായത്ത് പ്രസിഡൻറ് ബിജി പ്രസാദ്, ഫിനാൻസ് കമ്മിറ്റി ചെയർമാനായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് രജനി, സ്റ്റേജ് കമ്മിറ്റി ചെയർമാനായി തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ. മോഹനൻ കുമാർ, പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി ചെയർമാനായി ചുനക്കര പഞ്ചായത്ത് പ്രസിഡൻറ്  കെ.ആർ അനിൽകുമാർ, ഗതാഗത കമ്മിറ്റി ചെയർമാനായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ ദാസ്, ഫുഡ് കമ്മിറ്റി ചെയർമാനായി ജില്ലാ പഞ്ചായത്ത് അംഗം ജി ആതിര, മെഡിക്കൽ കമ്മിറ്റി ചെയർമാനായി തലക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ്, വെബ് ടെലികാസ്റ്റിംഗ് ഐ.ടി സോഷ്യൽ മീഡിയ കമ്മിറ്റി ചെയർമാനായി ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള ദേവി, വോളണ്ടിയർ കമ്മിറ്റി ചെയർമാനായി പാലമേൽ പഞ്ചായത്ത് പ്രസിഡൻറ് ബി വിനോദ്, ക്ലീനിങ് വാട്ടർ സപ്ലൈ കമ്മിറ്റി ചെയർമാനായി ജില്ലാ പഞ്ചായത്ത് അംഗം കെ തുഷാര, കലാസാംസ്കാരിക കമ്മിറ്റി ചെയർമാനായി നൂറനാട് പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന സുരേഷ് എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തിൽ എച്ച്. സലാം എം.എൽ.എ, മുൻ എം.എൽ.എ ആർ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply