വയനാട് സുൽത്താൻ ബത്തേരിയിലെ ഓടപ്പള്ളം ഗവ. ഹൈസ്‌ക്കൂളില്‍ സംസ്‌കൃതി ഓപ്പണ്‍ തിയേറ്റർ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാട്ടുകലകളുടെ അവതരണത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമായിട്ടാണ് ഓപ്പണ്‍ തിയേറ്റർ സജ്ജമാക്കിയത്.
കായിക വകുപ്പ് പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന കായിക പ്രവര്‍ത്തനങ്ങളില്‍ ഓടപ്പളളം സ്‌കൂളിനെയും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂള്‍ സമയത്തിന് ശേഷം കുട്ടികള്‍ക്ക് നാടന്‍ കലകള്‍ അഭ്യസിക്കുന്നതിന് ഓപ്പണ്‍ തിയേറ്ററില്‍ സൗകര്യമുണ്ട്. ചൂട്ട് നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് പരിശീലനം ലഭിക്കും. സംസ്‌കൃതി സാംസ്‌ക്കാരിക വേദി എന്ന കുട്ടികളുടെ കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സംസ്ഥാനത്ത് തദ്ദേശീയ കലകൾ അഭ്യസിക്കുന്നതിന് പൊതു വിദ്യാലയങ്ങളിൽ ഒരുക്കുന്ന ആദ്യത്തെ ഓപ്പൺ തിയേറ്ററാണ് സംസ്‌കൃതി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി റിയാലിറ്റിഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി നിര്‍മ്മിച്ച സ്‌കൂള്‍ ഐക്കണിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചൂട്ട് നാടന്‍കലാ പഠന ഗവേഷണ കേന്ദ്രവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.