വെള്ളിതിരയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് കനകലത. കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്‌ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. ‘ആനന്ദം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘പൂക്കാല’ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു.
എന്നാല്‍ നടിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്.
പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ദുരിതാവസ്ഥയിലായിരിക്കുകയാണ് നടി കനകലത. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെ തുടര്‍ന്നാണ് ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആര്‍ഐ സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവില്‍ ആയിരുന്നു. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലും നിര്‍ത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്നു. ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ പറയുന്നു.
34 വര്‍ഷമായി കനകലതയുടെ കൂടെയുള്ള ആളാണ് വിജയമ്മ. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കനകലത വാങ്ങിയ വീട്ടിലാണ് ഇപ്പോള്‍ ഇവരുടെ താമസം. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല. കനകലതയ്‌ക്കൊപ്പം പ്രോഗ്രാമിനും ഷൂട്ടിനുമൊക്കെ പോകാന്‍ കൂട്ടിനായി വന്നതാണ് വിജയമ്മ.
പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉള്ള താരത്തിന് മാസം 5000 രൂപ കൈനീട്ടമായും ലഭിക്കുന്നുണ്ട്.
ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രഫഷനല്‍ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാര്‍ഗം എന്നുറപ്പിച്ചു. ‘ഉണര്‍ത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തുന്നത്. 360 ല്‍ അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ കനകലത 22 ാം വയസ്സില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.
2018 ല്‍ ‘പഞ്ചവര്‍ണതത്ത’, 2019 ല്‍ ‘ആകാശഗംഗ 2’ എന്നിവയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കനകലത അഭിനയിച്ച മെയിന്‍സ്ട്രീം സിനിമകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്ത ‘ത്രീ ഡെയ്‌സ്’ ആണ് കനകലതയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമ. അവസരങ്ങള്‍ എത്തുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തില്‍ സജീവമാകാമെന്ന പ്രതീക്ഷയ്ക്കിടെയാണ് മറവി രോഗം കനകലതയെ പിടികൂടുന്നത്.
രണ്ടു വര്‍ഷം മുമ്പ് മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ കനകലത പറഞ്ഞത് ഇങ്ങനെയാണ്….”ചില്ല് സിനിമ റിലീസ് ആയ സമയത്ത് ഞാന്‍ വിവാഹിതയായി. പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങള്‍ വേര്‍പിരിഞ്ഞു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന്‍ മരിക്കുന്നത്. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാന്‍ സ്വന്തം മക്കളായി ദത്തെടുത്തു വളര്‍ത്താന്‍ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാന്‍ വളര്‍ത്തി. രണ്ടു പെണ്‍മക്കളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോള്‍ എന്നോടൊപ്പമുള്ളത്. നിരവധി വാടകവീടുകളില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച എനിക്ക് സ്വന്തമായി ഒരു വീട് വലിയ സ്വപ്നമായിരുന്നു. അങ്ങനെ 9 വര്‍ഷം മുന്‍പ് മലയിന്‍കീഴില്‍ 3 അര സെന്റ് സ്ഥലം വാങ്ങി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനം പണി പൂര്‍ത്തിയാക്കാന്‍ 3 ലക്ഷം കൂടി വേണ്ട സന്ദര്‍ഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവന്‍ മണിയും ഇന്ദ്രന്‍സുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും. കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കാണ് ഏറ്റവും പ്രഹരമായത്. എട്ടു മാസമാണ് ഞാന്‍ പണിയില്ലാതെ വീട്ടിലിരുന്നത്.”