കേരള അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവെലിന് ദർബാർ ഹാൾ മൈതാനത്തിൽ സമാപനം

അക്ഷരങ്ങളിൽ ചായങ്ങൾ ചാലിച്ച് മനോഹരങ്ങളായ ചിത്രങ്ങളാക്കി കാഴ്ചക്കാർക്ക് പുതു അനുഭവങ്ങൾ പകർന്ന് കേരള അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവെലിന് ദർബാർ ഹാൾ മൈതാനത്തിൽ സമാപനം. നാല് ദിവസം നീണ്ടുനിന്ന ഫെസ്റ്റിവെലിനാണ് കലിഗ്രഫിയിൽ വിസ്മയം തീർത്ത വിവിധ കലാകാരന്മാരുടെ ലൈവ് കലിഗ്രഫി രചനയോടെ സമാപനമായത്. പ്രശസ്ത കലിഗ്രഫർമാരായ നാരായണ ഭട്ടതിരി, അച്യുത് പൽവ്, ജി വി ശ്രീകുമാർ, പരമേശ്വർ രാജു, ഡി ഉദയകുമാർ എന്നിവർ കടചതപ എന്ന് അഞ്ച് ഭാഷകളിൽ ലൈവ് കലിഗ്രഫി തീർക്കുകയായിരുന്നു.

കേരളത്തിൽ കലിഗ്രഫിക്ക് അത്രയൊന്നും പ്രചാരമില്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ വരും വർഷങ്ങളിൽ തുടരുമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനും കലിഗ്രാഫറുമായ നാരായണ ഭട്ടതിരി പറഞ്ഞു. കൊച്ചിയിൽ മാത്രമല്ല കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ലളിതകല അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ ലേഖ നാരായണൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻ്റ് എഡിറ്റർ സി ടി ജോൺ, കലിഗ്രഫറായ ജി വി ശ്രീകുമാർ, എസ് എച്ച് കോളേജ് ഡിസൈൻ വകുപ്പ് മേധാവി അനു ചെറിയാൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്‌, കേരള ലളിതകലാ അക്കാദമി, കചടതപ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വിദേശത്തു നിന്നുള്ള കലിഗ്രഫി കലാകാരന്മാരും ചിത്രകലാ വിദ്യാർഥികളും ഉൾപ്പെടെ നൂറിലേറെ പ്രതിനിധികളും പങ്കെടുത്തു. സംവാദം, ചർച്ച, മുഖാമുഖം, കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളും ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

Leave A Reply