സുധാകരനും സതീശനെയും കൊണ്ട് എല്ലാവരും സഹികെട്ട അവസ്ഥയിലാണ് , ഇപ്പോൾ എല്ലാവരും അത് തുറന്നു പറയേണ്ട അവസ്ഥയിൽ വരെ എത്തി നിൽക്കുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ ശക്തമായ ഭാഷയിൽ തുറന്നടിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി. പാർടിയെ നയിക്കേണ്ടവർ പക്വതയില്ലാതെ പെരുമാറുന്നത് അവമതിപ്പുണ്ടാക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കെപിസിസിയുടെ വിശാല എക്സിക്യൂട്ടീവ് യോഗത്തിൽ ആന്റണി പറഞ്ഞത്.
പ്രവർത്തകരുടെ വികാരം എന്ന നിലയിൽക്കൂടിയാണ് തുറന്നുപറച്ചിൽ. ‘പാർടിയിൽ ഐക്യം കൊണ്ടുവരേണ്ടവരാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും. പരസ്പരം ഐക്യമില്ലെങ്കിലും സാധാരണ പ്രവർത്തകരെയും അണികളെയും ബോധ്യപ്പെടുത്താനെങ്കിലും അവർക്ക് ഒന്നിച്ച് നിൽക്കാനാകണം. സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്നത് തങ്ങളാണെന്ന ബോധം അവർക്കുണ്ടാകണം. മറ്റാരുമല്ല പാർടിയിൽ ഐക്യം കൊണ്ടുവരേണ്ടത്. ഇവരാണ് നേതാക്കളെന്ന് മറ്റുള്ളവരും മനസ്സിലാക്കണം’–- ആന്റണി പറഞ്ഞു.
രാഷ്‌ട്രീയ തന്ത്രജ്ഞൻ സുനിൽ കനിഗോലുവിന്റെ ഉപദേശ നിർദേശങ്ങൾ അംഗീകരിച്ച രാഷ്‌ട്രീയകാര്യ സമിതി യോഗത്തിനു പിന്നാലെയാണ് എക്സിക്യൂട്ടീവ് യോഗം ചേർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേർന്ന സുപ്രധാന യോഗത്തിൽ ആന്റണിയുടെ രൂക്ഷ വിമർശം നേതാക്കളെ ഞെട്ടിച്ചു.
സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് ചർച്ചയിലും നിഴലിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ പുറത്തല്ല, അകത്താണ് പ്രകടിപ്പിക്കേണ്ടത് എന്ന നിലപാട് സുധാകരനുമെടുത്തു. പുതുപ്പള്ളി വിജയത്തിന്റെ തിളക്കം ദിവസങ്ങൾക്കുള്ളിൽ കെട്ടുപോകുംവിധമുള്ള നേതാക്കളുടെ തമ്മിലടിയാണ് മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്. കെ സി ജോസഫും രമേശ് ചെന്നിത്തലയും കെ മുരളീധരനുമടക്കമുള്ളവർ വി ഡി സതീശന്റെ ഏകപക്ഷീയ നിലപാടുകളിലുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഹൈക്കമാൻഡിന്റെകൂടി വികാരമാണ് ആന്റണി പ്രകടിപ്പിച്ചത്.
അതേസമയം, നേതൃയോഗങ്ങൾക്കു പിന്നാലെ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ കെ സുധാകരന് കൂടുതൽ പ്രാധാന്യം കൈവരുന്നുവെന്നതും നേതാക്കൾക്കിടയിൽ ചർച്ചയാണ്. കോൺഗ്രസ് ജാഥ സുധാകരൻതന്നെ നയിക്കട്ടെ എന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തിരിച്ചടിയായത്. പാർലമെന്ററി പാർടി നേതാവ് എന്ന നിലയിൽ പ്രതിപക്ഷ നേതാവിനാണ് മുൻകാലങ്ങളിൽ മുഖ്യസ്ഥാനം കിട്ടിയിരുന്നത്.