തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സുഹൃദ്രാജ്യമായ അസർബൈജാനിലെത്തി. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി ഉർദുഗാൻ കൂടിക്കാഴ്ച നടത്തി. അർമീനിയൻ വിമതർക്കെതിരായ പോരാട്ടത്തിന് അസർബൈജാന് തുർക്കിയയുടെ പിന്തുണയുണ്ട്.അന്താരാഷ്ട്രതലത്തിൽ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട പ്രദേശമായ നഗാർണോ-കരാബക്കിലെ വിഘടനവാദികൾക്കെതിരെ കഴിഞ്ഞയാഴ്ച അസർബൈജാൻ സൈനിക നടപടി സ്വീകരിച്ചിരുന്നു.
മേഖലയിലെ അർമീനിയൻ സൈനിക യൂനിറ്റുകൾക്കുനേരെയും ആക്രമണം നടത്തി. സൈനിക നടപടിയിൽ 200ലധികം പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സോവിയറ്റ് യൂനിയന്റെ തകർച്ചക്ക് ശേഷം ഇരു രാജ്യങ്ങളും നഗാർണോ-കരാബക് മേഖലയിൽ അവകാശവാദം ഉന്നയിക്കുന്നു.