മധ്യപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ അമിതവേഗത്തിൽ വന്ന ബസിടിച്ച് 39 പേർക്ക് പരിക്ക്. ഖർഗോൺ ജില്ലയിൽ ബി ജെ പി പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കസ്രവാഡിന് സമീപത്ത് ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ പ്രവർത്തകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖപർജലി, രൂപ്ഗഢ്,റായ് സഗർ എന്നിവിടങ്ങളിലെ ബിജെപി പ്രവർത്തകരാണ് ബസിൽ കൂടുതലും ഉണ്ടായിരുന്നത്.
അതേസമയം ബിഹാറിലെ പട്നയിൽ ദലിത് യുവതിയുടെ മുഖത്ത് മൂത്രമൊഴിച്ച്, വിവസ്ത്രയാക്കി പണമിടപാടുകാരനും പങ്കാളികളും. കടം വാങ്ങിയ പണം തിരികെയടച്ചിട്ടും പ്രതി തന്നെ അധിക പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി യുവതിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. യുവതി ചികിത്സയിലാണ്.
ഖുസ്റുപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പണമിടപാടുകാരനായ പ്രമോദ് സിങ്ങും അദ്ദേഹത്തിന്‍റെ മകൻ അൻഷു സിങ്ങുമാണ് ദലിത് യുവതിക്കെതിരായ അതിക്രമം നടത്തിയത്. പൊലീസ് സംഘം അന്വേഷണത്തിനെത്തി പോയതിന് പിന്നാലെ പ്രമോദ് യുവതിയെ ബലമായി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മർദിക്കുകയായിരുന്നു. കൈകൊണ്ടും വടി കൊണ്ടും യുവതിയെ പ്രതികൾ മർദിച്ച ശേഷം പ്രമോദ് മകനോട് അൻഷു സിങ്ങിനോട് വായിൽ മൂത്രമൊഴിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.