വൈറ്റില : വൈറ്റില ഹബ്ബിനു സമീപം മത്സര ഓട്ടത്തിനിടെയുണ്ടായ ബസ് അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഹബ്ബിൽ കയറാതെ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് ഓട്ടോയിൽ തട്ടി മറ്റൊരു ബസിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 19 പേർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പനങ്ങാടേക്ക് സർവീസ് നടത്തുന്ന ‘സഫ’ ബസാണ് അപകടം ഉണ്ടാക്കിയത്. കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ചെറുപുഷ്പ’ത്തിനു പിന്നിലാണ് ഇടിച്ചുകയറിയത്. പരിക്കേറ്റതിൽ കൂടുതൽ പേരും ‘സഫ’ ബസിന്റെ മുൻഭാഗത്ത് ഇരുന്നവരാണെന്ന് മരട് പോലീസ് പറഞ്ഞു. വൈകീട്ട് ആറോടെയായിരുന്നു അപകടം. ‘സഫ’ ബസ് ഡ്രൈവർക്കെതിരേ കേസ് എടുത്തതായി മരട് പോലീസ് പറഞ്ഞു.