വള്ളികുന്നം : വള്ളികുന്നത്ത് മാരകായുധങ്ങളുമായി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ മൂന്നുപേർക്കു പരിക്ക്. അയ്യങ്കാളി സ്മാരക ഹാളിന്റെ ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. വീടിനു നേരേയും ആക്രമണം നടന്നു.
കടുവുങ്കൽ കോയിക്കാരൻവിള തറയിൽ വിഷ്ണുദേവ് (32), എണ്ണമ്പിശ്ശേരിൽ സുരേഷ്ഭവനം സുരേഷ് (42), ഗിരീഷ്ഭവനം ഗിരീഷ് (32) എന്നിവർക്കാണു പരിക്കേറ്റത്. വിഷ്ണുദേവിന് വടിവാളുകൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും കൈക്കുമാണ് പരിക്ക്. ഗിരീഷിനു കൈക്കും സുരേഷിനു തലയ്ക്കും കാലിനുമാണു പരിക്കേറ്റത്. മൂവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അഞ്ചു ബൈക്കുകളിൽ വടിവാളും മറ്റ് മാരകായുധങ്ങളുമായെത്തിയ 12 അംഗ സംഘമാണ് അക്രമം നടത്തിയത്. ചൂനാട് ബാറിനു മുന്നിലെ റോഡിൽ ശനിയാഴ്ച വൈകുന്നേരെ അഞ്ചരയോടെ മദ്യപിച്ചെത്തിയ രണ്ടുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നു പോലീസ് പറഞ്ഞു.