കൊല്ലം: കൊല്ലത്ത് പത്ത് ലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്ത് ശോഭിത എന്ന വാടക വിട്ടിലായിരുന്നു പത്ത് ലക്ഷം രൂപയോളം വരുന്ന പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. കിളികൊല്ലൂർ മുറിയിൽ 42-കാരനായ ഷാജഹാൻ വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു നാൽപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലായിരുന്നു നിരോധിത ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എക്സൈസ് റേഞ്ച് പരിധിയിൽ റെയ്ഡ് നടത്തിയത്.
തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നത്. പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ ഹോൾസെയിൽ വിൽപ്പനയ്ക്കായാണ് പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നത്. ഇരവിപുരം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.