ചാവേർ സിനിമയിലെ തന്റെ മേക്കോവർ വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. വളരെ റിയലിസ്റ്റിക് ആയിട്ട് അഭിനയിക്കാം എന്നു കരുതിയാണ് ചാവേറിൽ ഷൂട്ടിംഗിന് വന്നതെന്നും എന്നാൽ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല അനുഭവം എന്നുമാണ് താരം പറയുന്നത്. ചാവേർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടയിലായിരുന്നു അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
‘ന്നാ താൻ കേസ് കൊട് സിനിമയിൽ മേക്കപ്പ് ഒക്കെ ചെയ്തിട്ട് ചാവേറിലേക്ക് വരുമ്പോൾ റിയലിസ്റ്റിക്കായി അഭിനയിക്കാം എന്ന് വിചാരിച്ചു. എന്നാൽ, ന്നാ താൻ കേസ് കൊട് സിനിമയെക്കാൾ മേക്കപ്പ് ചെയ്യേണ്ടി വന്നത് ഈ സിനിമയിലാണ്. മേക്കപ്പിടാൻ വേണ്ടി മുണ്ടൊക്കെ കയറ്റി കുത്തി ഞാൻ ഇങ്ങനെ ഇരിക്കുകയാണ്. വെട്ടും കുത്തും പാടിന് പുറമെ കണ്ണിൽ ലെൻസും വെച്ചു തന്നു.
ന്നാ താൻ കേസ് കൊട് സിനിമയിൽ ഫൈറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ പ്രശ്നം ഒന്നുമില്ലായിരുന്നു. തിരിച്ച് റൂമിലേക്ക് വന്ന് കുളിച്ച് റെഡിയാകാൻ പറ്റും. പക്ഷേ ഇതിൽ നാല് പ്രാവശ്യം കുളിക്കണം, കാരണം ബ്ലഡ് ആണ് ശരീരത്തിലാകെ. ബ്ലഡും പൊടിയുമൊക്കെ മിക്സ് ആയി, എല്ലാം കൂടെ കാണാൻ നല്ല രസമുണ്ടായിരുന്നു. ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ എന്ന അവസ്ഥയായിരുന്നു. ഡെയിലി നാല് തവണ കുളിക്കുമായിരുന്നു. അങ്ങനെ എന്റെ സ്കിൻ കുറെ പോയിരുന്നു.
കഥാപാത്രത്തിനുവേണ്ടി എന്നോട് 15 കിലോ കൂട്ടാൻ ടിനു പറഞ്ഞു എന്നാൽ ഞാൻ പത്ത് കിലോ മാത്രമേ കൂട്ടിയിട്ടുള്ളൂ. ഒരു 5 കിലോ കൂടെ കൂട്ടിയിരുന്നെങ്കിൽ എനിക്ക് കൊളസ്ട്രോളും ഷുഗറുമൊക്കെ വരുമായിരുന്നു.