രാജ്കോട്ടിൽ ഓസീസിനെതിരെ വെടിക്കെട്ടിന് തിരികൊളുത്താൻ ഗിൽ ഉണ്ടാവില്ല, കൂടെ മറ്റൊരു താരത്തിനും വിശ്രമം

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരിലെ മൂന്നാം മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിനും വിശ്രമം അനുവദിച്ചു. കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരുവര്‍ക്കും രണ്ടാം ഏകദിനത്തിനുശേഷം വിശ്രമം അനുവദിച്ചത്. ടീം ക്യാംപ് വിട്ട ഇരുവരും ലോകകപ്പ് സന്നാഹമത്സരത്തിനായി ഗുവാഹത്തിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മടങ്ങിയെത്തിയിരുന്നു.

27ന് രാജ്കോട്ടിലാണ് മൂന്നാം ഏകദിനം നടക്കുക. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ആധികാരിക ജയം നേടി പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം ഏകദിനത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമോ എന്ന് വ്യക്തമല്ല. രണ്ടാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ച പേസര്‍ ജസ്പ്രീത് ബുമ്ര ടീമിലുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്.

Leave A Reply