‘കാക്കി കണ്ടാൽ ആക്രമിക്കണം’: പട്ടികളുടെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം, വീട്ടില്‍ 13 വമ്പന്‍ നായകള്‍; പോലീസുകാരെ ആക്രമിച്ചു
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ പട്ടികളെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം. പരിശോധനയ്‌ക്കെത്തിയ പോലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പോലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ടത്.
പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ വിദേശ ബ്രീഡുകള്‍ ഉൾപ്പെടെ 13 ഇനം വമ്പന്‍ നായകളാണ് ഉണ്ടായിരുന്നത്. പട്ടി വളര്‍ത്തല്‍ കേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ മുന്തിയ ഇനം നായകളുടെ കച്ചവടത്തിന്റെ മറപിടിച്ച് കഞ്ചാവ് കച്ചവടവും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇന്നലെ ഇയാളുടെ വീടിന്റെ കോമ്പൗണ്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തിരുന്നു. പോലീസും എക്‌സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി പോലീസുകാർ സൂചിപ്പിച്ചു. കോട്ടയം എസ്പി കെ കാര്‍ത്തിക് സ്ഥലത്തെത്തി പരിശോധന നടത്തി. കാക്കിയെ കണ്ടാല്‍ ആക്രമിക്കാനാണ് നായകള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ എസ്എച്ച്ഒയും സംഘവും വീട് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് എസ്പി കാര്‍ത്തിക് പറഞ്ഞു. സംഭവത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്പി കാര്‍ത്തിക് പറഞ്ഞു.