തൃശൂർ: മദ്യ സത്കാരത്തിനിടെ സുഹൃത്തുക്കൾക്കിടയിൽ സംഘർഷം. സംഭവത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ സ്വദേശി ധനേഷ് (36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ധനേഷും നാല് സുഹൃത്തുക്കളും ചേർന്ന് ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നു. ഇവരിൽ ഒരാളും ധനേഷും തമ്മിലായിരുന്നു അടിപിടി. മറ്റ് മൂന്ന് സുഹൃത്തുക്കൾ പോയ ശേഷമായിരുന്നു സംഘർഷം നടന്നത്.
വൈകുന്നേരത്തോടെ ധനേഷ് മറ്റുള്ളവരേയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്തുള്ള കള്ളു ഷാപ്പിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞു ഇവിടെ എത്തിയ പോലീസ് ധനേഷ് ഒഴികെയുള്ളവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ധനേഷിനോടു ആശുപത്രിയിൽ പോകാനും പോലീസ് ആവശ്യപ്പെട്ടു.
എന്നാൽ വൈകുന്നേരത്തോടെ അഞ്ചരയോടെ ധനേഷിനെ അവശ നിലയിൽ റോഡരികിൽ കണ്ടെത്തി. പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകു. പോലീസ് അന്വേഷണം ആരംഭിച്ചു.