കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നും കോടതിയിൽ ഹാജരായില്ല. നിർബന്ധമായും ഇന്ന് ഹാജരാകണമെന്നായിരുന്നു കാസർകോട് സെഷൻസ് കോടതിയുടെ ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രൻ വിടുതൽ ഹരജി നൽകി.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.
സ്ഥാനാർഥിത്വം പിൻവലിച്ച സമയത്ത് ജില്ലയിലുണ്ടായിരുന്നില്ലെന്നും ആരോപണമുന്നയിച്ച സുന്ദരയെ അറിയില്ലെന്നും ഒന്നേമുക്കാൽ നീണ്ട ചോദ്യംചെയ്യലിൽ സുരേന്ദ്രൻ ആവർത്തിച്ച് പറയുകയായിരുന്നു. സുന്ദര തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നത് സംബന്ധിച്ച രേഖകൾ തയാറാക്കിയ അതേ ഹോട്ടലിലായിരുന്നു സുരേന്ദ്രൻ താമസിച്ചിരുന്നത്.