മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിനെ സാസ്കാരിക മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

തിരുവനന്തപുരം: നവതിയാഘോഷിക്കുന്ന നടൻ മധുവിനെ സാസ്കാരിക മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി സന്ദർശിച്ചു.മധു മലയാള സിനിമയുടെ കാരണവരാണെന്നും മധുവിന് വേണ്ടി പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം കണ്ണൻമൂലയിലെ വീട്ടിലെത്തിയാണ് സജി ചെറിയാൻ മധുവിനെ സന്ദർശിച്ചത്.

മന്ത്രി മധുവിനെ പൊന്നാട അണിയിക്കുകയും ലൂമിയർ ബ്രദേഴ്സ് രൂപകൽപ്പന ചെയ്ത ആദ്യ കാല മൂവി ക്യാമറയുടെ മാത്യക ഉപഹാരമായി സമർപ്പിക്കുകയും ചെയ്തു.മുഖ്യ മന്ത്രിയുടെ നിർദേശ പ്രകാരമാണ് മന്ത്രി മധുവിനെ ആദരിച്ചത്. താൻ കുറച്ചു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അതിന് ഇത്രയും വലിയ ആഘോഷത്തിൻ്റെ ആവശ്യമുണ്ടോ എന്നാണ് വളരെ വിനയത്തോടെ മധു ചോദിച്ചത്.അതേസമയം മധു എല്ലാവർക്കും നന്ദി പറഞ്ഞു.

അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്നു മധു.ഈയടുത്ത കാലത്താണ് അദ്ദേഹം സിനിമയിൽ നിന്ന് മാറി വീട്ടിലേക്ക് മാത്രം ഒതുങ്ങിയത്. ഏറെ കാലം സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് തിരക്കിട്ട യാത്രയിലായിരുന്ന മധു ഇപ്പോൾ തിരുവനന്തപുരം കണ്ണൻമൂലയിലെ വീട്ടിൽ വിശ്രമ ജീവതം നയിക്കുകയാണ്.കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉണ്ടാക്കിയ മധു ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്.

Leave A Reply