കൊച്ചി: യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര മർദിച്ച പ്രതി ആറസ്റ്റിൽ. മൂവാറ്റുപുഴ രണ്ടാർ സ്വദേശി ജവഹർ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോവുകയും എയർ പിസ്റ്റൽ കൊണ്ട് വെടിവയ്ക്കുകയുമായിരുന്നു. ക്രൂരമായ മർദിച്ച ശേഷം വഴിയിൽ ഇറക്കിവിട്ട യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. തൊടുപുഴയിൽ പി എസ് സി കോച്ചിങ്ങിനു പോകാൻ പുളിന്താനം ഭാഗത്ത് നിൽക്കുകയായിരുന്നു യുവതി. കാറിൽ കയറിയില്ലെങ്കിൽ ആസിഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തി ജവഹർ കരിം ബലമായി കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയിൽ എത്തിച്ചാണ് മർദിച്ചത്. തുടർന്ന് യുവതിയെ ഇയാൾ കാറിൽ കയറ്റിയ അതേ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ദേഹത്ത് എയർ പിസ്റ്റളിന്റെ പെല്ലറ്റ് തറച്ച് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ഇരുവരും മുൻപ് അടുപ്പത്തിലായിരുന്നുവെന്നും അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ മൂവാറ്റുപുഴയിൽ നിന്നും ചൊവ്വാഴ്ചയാണ് പിടികൂടിയത്. മയക്കുമരുന്നിന് അടിമയാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. വധശ്രമം, പീഡനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും എയർ പിസ്റ്റൾ കസ്റ്റഡിയിലെടുത്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.