ധോണിയെ പുകഴ്ത്തി ഗംഭീർ, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കിൽ എത്രയോ റെക്കോര്‍ഡുകള്‍ തകര്‍ന്നേനെ
ഗ്രൗണ്ടിലും പുറത്തും എം എസ് ധോണിയും ഗൗതം ഗംഭീറും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ഇന്ത്യന്‍ ആരാധകര്‍ക്ക് പുതുമയല്ല. 2011ലെ ഏകദിന ലോകകപ്പില്‍ ധോണിയുടെ വിജയ സിക്സിലാണ് ഇന്ത്യ കിരീടം നേടിയതെങ്കിലും ഫൈനലില്‍ 97 റണ്‍സുമായി ടോപ് സ്കോററായത് ഗംഭീറായിരുന്നു. അതുകൊണ്ടുതന്നെ ധോണിയുടെ വിജയ സിക്സിനെ പുകഴ്ത്തുമ്പോഴെല്ലാം ഗംഭീര്‍ ഒരാള്‍ ഒറ്റക്കല്ല ലോകകപ്പ് ജയിച്ചതെന്ന് ഓര്‍മിപ്പിക്കാറുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നായകനായിരിക്കെ ധോണി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതും ധോണിക്കെതിരെ പലപ്പോളും ഒളിയമ്പെയ്യുന്നതുമെല്ലാം ഗംഭീറില്‍ നിന്ന് ആരാധകര്‍ കണ്ടിട്ടുണ്ട്.
എന്നാലിപ്പോള്‍ അതേ ഗംഭീര്‍ തന്നെ ധോണിയുടെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടിയതിന് പിന്നാലെയാണ് ധോണിയുടെ ബാറ്റിംഗ് മികവിനെക്കുറിച്ച് ഗംഭീര്‍ വാചാലനായത്. ഇന്ത്ന്‍ ക്യാപ്റ്റനാവാതെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ധോണിക്ക് ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.