അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ. രാവിലെ മാഞ്ചോലയിലെ എസ്റ്റേറ്റിന് സമീപത്തായാണ് അരിക്കൊമ്പൻ എത്തിയത്. 2000 ത്തോളം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടമാണിത്. നിലവിൽ അരിക്കൊമ്പനെ തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോമീറ്ററോളം സഞ്ചരിച്ചതായി തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിലാണ് അരിക്കൊമ്പൻ ഇത്രയും ദൂരം താണ്ടിയത്. ഇന്നലെ രാത്രിമാത്രം അരിക്കൊമ്പൻ 10 കിലോമീറ്റർ സഞ്ചരിച്ചതായാണ് റിപ്പോർട്ട്.
അരിക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത് കുതിരവട്ടിയിലാണ്. ഈ പ്രദേശം സംരക്ഷിത വനമേഖലയാണെന്നാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്. എന്നാൽ അരിക്കൊമ്പൻ കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്‌നാട് വനം വകുപ്പ് പറയുന്നു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമായത് കൊണ്ട് കേരളത്തിലേക്കെത്താൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.