ടെലിവിഷൻ വാർത്താചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനം കൂടുതൽ കർശനമാക്കണമെന്ന് സുപ്രീംകോടതി
ടെലിവിഷൻ വാർത്താചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനം കൂടുതൽ കർശനമാക്കണമെന്നും ഇതിനായി പുതിയ മാർഗനിർദേശങ്ങൾ സമർപ്പിക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷനോട് (എൻ.ബി.ഡി.എ) ആവശ്യപ്പെട്ട് സുപ്രീംകോടതി.
ഇതിനായി നാലാഴ്ചകൂടി അനുവദിക്കുന്നതായും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കി. എൻ.ബി.ഡി.എക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ നാലാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. സിനിമതാരം സുശാന്ത് സിങ് രാജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്താചാനലുകളുടെ റിപ്പോർട്ടിങ്ങിൽ ബോംബെ ഹൈകോടതി 2021ൽ നടത്തിയ നിരീക്ഷണങ്ങൾക്കെതിരായാണ് എൻ.ബി.ഡി.എ സുപ്രീംകോടതിയിലെത്തിയത്.