യു.എസ്-ഇറാൻ ഉടമ്പടി;തടവിലാക്കിയവരെ വിട്ടയച്ച് ഇറാൻ

യു.എസ്-ഇറാൻ ഉടമ്പടിയുടെ ഭാഗമായി ഇറാൻ തടവിലാക്കിയ അഞ്ച് യു.എസ് പൗരൻമാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി. ഇതിനുപകരമായി അമേരിക്ക തടവിലാക്കിയ അഞ്ച് ഇറാൻ പൗരൻമാരെയും വിട്ടയച്ചു. അമേരിക്ക മരവിപ്പിച്ച 600 കോടി യു.എസ് ഡോളറിന്റെ ഇറാൻ ഫണ്ടും വിട്ടുകൊടുത്തിട്ടുണ്ട്. ഖത്തറാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥരായി നിന്നത്. മരവിപ്പിച്ച തുക ദോഹയിലെ അക്കൗണ്ടിലെത്തിയത് ഉറപ്പിച്ചതിനുപിന്നാലെ ഖത്തർ വിമാനം തെഹ്റാനിലിൽനിന്ന് അഞ്ച് യു.എസ് പൗരന്മാരെയും അവരുടെ രണ്ടു ബന്ധുക്കളെയും കൊണ്ട് പറന്നു.
അമേരിക്ക സ്വതന്ത്രരാക്കിയവരിൽ രണ്ട് ഇറാനികൾ ഖത്തറിൽ എത്തിയിട്ടുണ്ട്. മൂന്നുപേർ ഇറാനിലേക്ക് മടങ്ങുന്നില്ലെന്ന നിലപാട് സ്വീകരിച്ചു. ദോഹയിൽ മാസങ്ങൾ നീണ്ട ചർച്ചയിലാണ് ഇരുരാജ്യങ്ങളും അനുരഞ്ജനത്തിലെത്തിയത്. എന്നാൽ, ഇറാന്റെ ആണവ പദ്ധതി, ഗൾഫിലെ യു.എസ് സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ തുടരും. തടവുകാരുടെ കൈമാറ്റം വാഷിങ്ടണിന് ഇറാനോടുള്ള സമീപനത്തിൽ ഒരുമാറ്റവുമുണ്ടാക്കില്ലെന്ന് ഇതിനകം മുതിർന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.